കോടിയേരി ബാലകൃഷ്ണൻ സ്മാരക ദൃശ്യമാധ്യമ അവാർഡ് ശ്രാവൺ കൃഷ്ണന്

Kodiyeri Balakrishnan Memorial Visual Media Award to Shravan Krishnan
Kodiyeri Balakrishnan Memorial Visual Media Award to Shravan Krishnan

തലശേരി : തലശേരി പ്രസ്സ് ഫോറം, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ സ്മാരക  ദൃശ്യമാധ്യമ അവാർഡ് ഏഷ്യാനെറ്റ് കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ ശ്രാവൺ കൃഷ്ണൻ അർഹനായി. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 

ഫെബ്രുവരി 24 ന് രാവിലെ 11.30 ന് പ്രസ്സ് ഫോറം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അവാർഡ് സമ്മാനിക്കും. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ.സെക്രട്ടറി ബിനീഷ് കോടിയേരി എന്നിവർ മുഖ്യാതിഥികളാകും.വയനാട് ജില്ലയിലെ കൽപറ്റ തെക്കുംതറ സ്വദേശിയാണ് അവാർഡിനർഹനായ ശ്രാവൺ കൃഷ്ണൻ. മദ്രാസ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കോഴിക്കോട് പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കി.

തുടക്കം മീഡിയ വൺ ചാനലിൽ. 2015 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ മാധ്യമ പ്രവർത്തകൻ. തൃശ്ശൂർ, തിരുവനന്തപുരം, ബംഗളൂരു ബ്യൂറോകളിലും ന്യൂസ് ഡസ്കിലും പ്രവർത്തിച്ചു. 2018 ലെയും 2019 ലെയും കർണാടക രാഷ്ട്രീയ നാടകങ്ങളും തെലങ്കാന, ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളും റിപ്പോർട്ട് ചെയ്തു. മലയോര കർഷകരുടെ കുടിയിറക്കത്തെക്കുറിച്ചുള്ള 'മരിച്ച മണ്ണ് ' എന്ന വാർത്താപരമ്പരയിലൂടെ മികച്ച റിപ്പോർട്ടർക്കുള്ള സി.ഒ.എ.എൻ.എച് അൻവർ സ്മാരക പുരസ്‌കാരത്തിന് 2024ൽ അർഹനായിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ തലശ്ശേരി ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്കാരായി ചന്ദ്രശേഖരൻ, സെക്രട്ടറി എം.ഒ. റോസ് ലി, പ്രസ്സ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറർ എൻ. സിറാജുദ്ദീൻ, ലൈബ്രറി സെക്രട്ടറി പി. ദിനേശൻ, എൻ. ബിജു, കെ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Tags