ശോഭ കൊലപാതക കേസ്: രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും; നിർണ്ണായകമായത് അഞ്ചുവയസ്സുകാരൻ മകന്റെ മൊഴി

Shobha murder case: Second husband Manjunath sentenced to life imprisonment and fined Rs 3 lakh; Five-year-old son's statement decisive

കണ്ണൂർ: ഇരിട്ടി ശോഭ കൊലപാതക കേസിൽ പ്രതിയായ രണ്ടാം ഭർത്താവ് ടി.ആർ. മഞ്ജുനാഥിന് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജെ. ഡെന്നിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.2017 ജനുവരി 21-ന് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കർണാടക സ്വദേശിനിയായ ശോഭയെ ഇരിട്ടിയിൽ രണ്ട് മക്കളോടൊപ്പം ടെന്റ് കെട്ടി താമസിച്ചുവരികയായിരുന്ന സ്ഥലത്തുവെച്ചാണ് മഞ്ജുനാഥ് ക്രൂരമായി കൊലപ്പെടുത്തിയത്. ശോഭയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു. അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട അഞ്ചുവയസ്സുകാരൻ മകന്റെ മൊഴിയാണ് കേസിൽ ഏറ്റവും നിർണ്ണായകമായത്.

കേസിൽ മൂന്നാം സാക്ഷിയായാണ് ഇപ്പോൾ 15 വയസ്സുള്ള മകനെ വിസ്തരിച്ചത്. കോടതിക്ക് മുൻപാകെ കുട്ടി നൽകിയ മൊഴി ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു. "അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞു. തീവണ്ടിയിൽ കയറ്റി ബാത്ത്റൂമിന്റെ സൈഡിൽ എന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാൾ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോൾ ഒരു ആന്റി വന്നു ഭക്ഷണം തന്നു. പിറ്റേദിവസം അവർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പൊലീസ് ഹോസ്റ്റലിലാക്കി. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് സംഭവം," എന്നായിരുന്നു കുട്ടിയുടെ മൊഴി.

കൊലപാതകത്തിന് ശേഷം ബെംഗളൂരുവിലെത്തിയ മഞ്ജുനാഥ് കുട്ടികളെ മുംബൈയിലേക്കുള്ള ട്രെയിനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അന്ന് പ്രൊബേഷൻ എസ്.ഐ ആയിരുന്ന അൻഷാദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുംബൈയിൽ നിന്ന് കുട്ടികളെ കണ്ടെത്തിയതും കേസിൽ നിർണ്ണായക തെളിവുകൾ ശേഖരിച്ചതും. 2026-ൽ പുറത്തിറങ്ങിയ 'ഉയിർ' എന്ന മലയാള സിനിമയ്ക്ക് പ്രചോദനമായതും ഈ സംഭവമായിരുന്നു.

Tags