എസ്.എഫ്.ഐ ക്രിമിനലിസം നിര്‍ത്തണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

SFI must stop criminality: Adv.Martin George
SFI must stop criminality: Adv.Martin George

കണ്ണൂര്‍: കാമ്പസുകള്‍ക്കു പുറത്തും എസ്.എഫ്.ഐ ക്രിമിനലുകള്‍ തേര്‍വാഴ്ച നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂരില്‍ കെ.എസ്.യുവിന്റെ വനിതാ നേതാവിനെയടക്കം ആക്രമിച്ച സംഭവമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

പയ്യന്നൂര്‍ കണ്ടോത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി ആത്മജ നാരായണനേയും യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ ആലയിലിനെയും എസ്.എഫ്‌ഐ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വീട്ടില്‍ കയറിയാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. ആത്മജ ധരിച്ച ടീ ഷര്‍ട്ട് വലിച്ച് കീറുകയും മുഖത്ത് അടിക്കുകയും ചെയ്തു. തടയാന്‍ ചെന്ന ആത്മജയുടെ കുടുംബാംഗങ്ങളേയും കൈയേറ്റം ചെയ്തു. 

കോളേജ് കാമ്പസുകളിലെ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി കാമ്പസുകളുടെ പുറത്തും അക്രമം വ്യാപിപ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ , ഡിവൈഎഫ്,ഐ ക്രിമിനലുകള്‍ നടത്തുന്നത്. പയ്യന്നൂരിലെ പോലീസിനെ പോലും വരുതിയില്‍ നിര്‍ത്തിയാണ് ഈ ക്രിമിനലുകള്‍ വിളയാടുന്നത്. പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ഥെന്ന വിദ്യാര്‍ഥിയെ ക്രൂരറാഗിംഗിനിരയാക്കി കൊലപ്പെടുത്തുകയും കോട്ടയം നഴ്‌സിംഗ് കോളജില്‍ റാഗിംഗെന്ന പേരില്‍ ഭീകരസംഘടനകളെ പോലും മറികടക്കുന്ന ക്രൂരത നടത്തുകയും ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊതുസമൂഹം അവര്‍ക്കെതിരേ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ ലവലേശം ഗൗനിക്കുന്നില്ലെന്നാണ് ആവര്‍ത്തിക്കുന്ന ഇത്തരം അതിക്രമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

പിണറായി ഭരണത്തിന്റേയും പോലീസിന്റേയും തണലിലാണ് ഇക്കൂട്ടരുടെ വിളയാട്ടം. നാട്ടിലെ സമാധാനാന്തരീക്ഷത്തിനു നിരന്തരം ഭീഷണിയാകുന്ന എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയെങ്കിലും അധികാരികള്‍ തയ്യാറാകണം. അവരവരുടെ സ്വാധീനമേഖലകളില്‍ എതിര്‍സംഘടനയില്‍പെട്ടവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കാനാണ് ഭാവമെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.

 അക്രമികള്‍ക്കെതിരേ പോലീസ് കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് ഈ വിഷയം ഏറ്റെടുക്കും. കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ ക്രിമിനലുകളുടെ ഗുണ്ടായിസത്തില്‍ നിന്നു സംരക്ഷിക്കാന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അരുണിനേയും ആത്മജ നാരായണനേയും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് സന്ദര്‍ശിച്ചു.

Tags