പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

Serious medical malpractice complaint in Pariyaram Medical College surgery of two and a half month old baby; investigation launched

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ ശസ്ത്രക്രിയയില്‍ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആദ്യ ശസ്ത്രക്രിയ അപൂര്‍ണമായി നിര്‍ത്തിയതിനെ തുടര്‍ന്ന് പത്ത് ദിവസത്തിനിടെ കുഞ്ഞിനെ രണ്ടാമതൊരു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നതായാണ് കുടുംബം ആരോപിക്കുന്നത്.

പാല്‍ കുടിക്കുമ്പോള്‍ തുടര്‍ച്ചയായി ഛര്‍ദിക്കുന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ 10-നാണ് കുഞ്ഞിനെ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിയാരത്തേക്ക് മാറ്റിയത്. കുഞ്ഞിന്റെ ആമാശയത്തിലെ പൈലോറസ് പേശിയിലുള്ള തടിപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഇവിടെ വെച്ച് നടത്തി. എന്നാല്‍, ശസ്ത്രക്രിയ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കാതെ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

വീട്ടിലെത്തിയതിന് പിന്നാലെ കുഞ്ഞ് പാലും രക്തവും ഛര്‍ദ്ദിക്കുകയും ആരോഗ്യനില അതീവ ഗുരുതരമാവുകയും ചെയ്തു. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാമതൊരു അടിയന്തര ശസ്ത്രക്രിയ നടത്തിയതിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് കുടുംബം വ്യക്തമാക്കി.സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെതിരെ കുടുംബം ആരോഗ്യ മന്ത്രിക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രത്യേക അന്വേഷണ ബോര്‍ഡ് രൂപീകരിക്കുകയും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Tags