വോട്ട് ബച്ചാവോ ദേശ് ബച്ചാവോ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം വേണം, വോട്ടവകാശം സംരക്ഷിക്കണം : ശ്രേയസ് എം. പട്ടേൽ

'Save the Vote, Save the Nation': Shreyas M. Patel calls for an independent investigation into election irregularities and the protection of the right to vote.

 കണ്ണൂർ : തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ, വോട്ടർപട്ടികയിലെ അപാകതകൾ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പ്രവർത്തനം എന്നിവ സംബന്ധിച്ച ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ശ്രേയസ് എം പട്ടേൽ എംപി കണ്ണൂർ ഡിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഐസിസിയുടെ രാജ്യവ്യാപകമായ ‘വോട്ട് ബച്ചാവോ – ദേശ് ബച്ചാവോ’ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം സംരക്ഷിക്കുന്നതിന് അർഹരായ ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമിടയിൽ ഏകദേശം 39 ലക്ഷം വോട്ടർമാരെ അധികമായി ചേർത്തതായി റിപ്പോർട്ട് ചെയ്തിരുന്നു.ഇക്കാര്യത്തിൽ സുതാര്യമായ വിശദീകരണം നൽകണം. 

കർണാടകയിലെ മഹാദേവപുരയിൽ വോട്ടർപട്ടികയിലെ ഇരട്ട രജിസ്‌ട്രേഷനുകളും സംശയാസ്പദമായ എൻട്രികളും ഉൾപ്പെടെ 1,00,250 വോട്ടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌ഐആർ നടപടിയുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽനിന്ന് ഏകദേശം 13.3 കോടി പേരുകൾ ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അർഹരായ ഒരു വോട്ടർക്കും വോട്ടവകാശം നിഷേധിക്കപ്പെടാത്ത വിധത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

2023ലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമത്തെയും ശ്രേയസ് പട്ടേൽ ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപനപരമായ സ്വാതന്ത്ര്യം, സുതാര്യത, ഉത്തരവാദിത്തം എന്നിവ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. ഈ ആരോപണങ്ങളിൽ സ്വതന്ത്രമായ പരിശോധന വേണമെന്നും പൊരുത്തക്കേടുകൾ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക, എസ്.ഐ.ആർ. നടപടി നിർത്തിവെക്കുക, വോട്ടർപട്ടികയിൽനിന്ന് തെറ്റായി ഒഴിവാക്കിയ അർഹരായവരുടെ പേരുകൾ പുനഃസ്ഥാപിക്കുക, തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് സമയബന്ധിതമായ സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയവയാണ് കോൺ​ഗ്രസി​ന്റെ പ്രധാന ആവശ്യങ്ങളെന്ന് ശ്രേയസ് പട്ടേൽ പറഞ്ഞു. 

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി അനിവാര്യമാണെന്ന് ശ്രേയസ് പട്ടേൽ ചൂണ്ടിക്കാട്ടി.

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം  അറിയിച്ചു.

വോട്ട് രക്ഷക്‌സ്’ മുഖേന ബൂത്ത് തലത്തിൽ വോട്ടർപട്ടിക പരിശോധിക്കൽ, ഒക്ടോബർ 25 മുതൽ നവംബർ 25 വരെ ഗ്രാമതല ബോധവത്കരണ പ്രവർത്തനങ്ങൾ, നവംബർ ഒന്നിന് ന്യൂഡൽഹിയിൽ നിർദേശിച്ചിട്ടുള്ള ദേശീയ റാലി, നവംബർ 25, 26 തീയതികളിലെ ‘ഡൽഹി ചലോ’ ജനകീയ മുന്നേറ്റം എന്നിവയാണ് പ്രഖ്യാപിച്ച പരിപാടികൾ.
ഓരോ ഇന്ത്യൻ പൗരന്റെയും ഭരണഘടനാപരമായ വോട്ടവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ശ്രേയസ് എം. പട്ടേൽ പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Tags