സമസ്ത കേരള ജംഇയ്യത്തുൽ ഉലമ റബീഉശ്ശംസ് ഒൻപതിന് കണ്ണൂരിൽ തുടങ്ങും

Samastha Kerala Jamiyyahul Ulama Rabi'Ushams will begin in Kannur on the 9th.

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നാല് പതിറ്റാണ്ടുകാലത്തെ ജനറൽ സെക്രട്ടറിയും കേരളീയ മുസ്ലിം സമാജത്തിന് ഏഴ് പതിറ്റാണ്ടുകാലം ആത്മീയ നേതൃത്വം നൽകിയ നായകനുമായ ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ സ്മരണാർത്ഥം കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ വർഷന്തോറും നടത്തിവരാറുള്ള റബീഉശ്ശംസിന്റെ ഈ വർഷത്തെ പരിപാടികൾക്ക് ഒക്ടോബർ ഒൻപതിന് തുടക്കമാകുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
വൈകുന്നേരം നാല് മണിക്ക് കണ്ണൂർ സയ്യിദ് മുഹമ്മദ് മൗലാ മഖാമിൽ വെച്ച് നടക്കുന്ന ഖത്മുൽ ഖുർആൻ ദുആക്കും ഓതിടലിനും ഹാഫിള് അബ്ദുർറഊഫ് ഫൈസി, ഒ.കെ. മഹ്മൂദ് മുസ്ലിയാർ കയ്യം എന്നിവർ നേതൃത്വം നൽകും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.

ശനിയാഴ്ച്ചകണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം ഹുസൈൻ മുസ്ലിയാർ വാരം മുഹ്‌യിദ്ദീൻ മൗലിദിന് നേതൃത്വം നൽകും. രാവിലെ 10 മണിക്ക് തുടങ്ങി മൂന്ന്മണിക്ക് സമാപിക്കുന്ന അനുസ്മരണ സമ്മേളനം ദാരിമീസ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സിറാജുദ്ദീൻ ദാരിമി കക്കാടിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാല ഉദ്ഘാടനം ചെയ്യും. ഡോക്ടർ സാലിം ഫൈസി കൊളത്തൂർ, ഇബ്രാഹിം ദാരിമി വയനാട്, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് പ്രൊഫസർ മൗലാനാ സാജിദ് ഹസ്രത്ത് തുടങ്ങിയ പ്രമുഖർ ക്ലാസിന് നേതൃത്വം നൽകും. സമാപന കൂട്ടുപ്രാർത്ഥനക്ക് സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം മുഹമ്മദ് അഷ്റഫ് അൽ ഖാസിമി നേതൃത്വം നൽകും.

11-ന് വൈകുന്നേരം 4:30 മുതൽ ആരംഭിക്കുന്ന സമാപന മഹാസമ്മേളനം ദാരിമീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ. മുഹമ്മദ് ദാരിമി അരിയിലിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് പി പി ഉമർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും, സമസ്ത വൈസ് പ്രസിഡണ്ട് എ വി അബ്ദുറഹ്മാൻ മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും നിർവ്വഹിക്കും. സംഗമത്തിൽ ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തും. സമാപന കൂട്ടുപ്രാർത്ഥനക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. സയ്യിദ് ഹുസൈൻ തങ്ങൾ കാങ്കോൽ, സയ്യിദ് മഹ്മൂദ് സഫുവാൻ തങ്ങൾ, കെ.പി.പി തങ്ങൾ പയ്യന്നൂർ, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, എ.കെ. അബ്ദുൽ ബാഖി, മുഹമ്മദ് ഇബ്നു ആദം, സിദ്ദീഖ് ഫൈസി വെൺമണൽ, അസ്‌ലം അസ്ഹരി പൊയിത്തുംകടവ്, ഇസ്സുദ്ദീൻ നിസാമി, അബ്ദുൽ ഫത്താഹ് ദാരിമി, സിറാജുദ്ദീൻ ദാരിമി കക്കാട്, ഹനീഫ ഏഴാം മൈൽ, മുസ്തഫ മൗലവി എളമ്പാറ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കും. തബർറുക് വിതരണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വാർത്താസമ്മേളനത്തിൽ കെ.കെ. മുഹമ്മദ് ദാരിമി അരിയിൽ, അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ, സിറാജുദ്ദീൻ ദാരിമി കക്കാട്, സിദ്ദീഖ് ദാരിമി ബക്കളം, അയ്യൂബ് ദാരിമി പൂമംഗലം തുടങ്ങിയവർ സംബന്ധിച്ചു.

Tags