സമസ്ത മുശാവറ അംഗം മാണിയൂർ അഹ്മദ് മുസ്‌ലിയാർക്ക് നാടിൻ്റെ യാത്രാമൊഴി
കണ്ണൂർ : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം രക്ഷാധികാരിയും സൂഫിവര്യനുമായ മാണിയൂർ അഹ്മദ് മുസ്‌ലിയാർ(76) ക്ക് നാടിൻ്റ യാത്രാമൊഴി. ആലക്കോട് പ്രകൃതിചികിത്സാകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെ 4.32ഓടെയായിരുന്നു അന്ത്യം. സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളജ് പ്രിൻസിപ്പൽ, പാറാൽ ബുസ്താനുൽ ഉലൂം അറബിക് കോളജ് പ്രസിഡന്റ്, ജാമിഅ അസ്അദിയ്യ അറബിക് കോളജ് വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
tRootC1469263">പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നായിരുന്നു മാണിയൂർ അഹമ്മദ് മുസ്‌ലിയാരുടെ ജനനം.
പുറത്തീൽ ശൈഖ്, ഖാളി ചുമതലകളും വഹിച്ചുവരികയായിരുന്നു. പണ്ഡിതനും സൂഫിവര്യനുമായിരുന്ന പരേതനായ മാണിയൂർ അബ്ദുല്ല മൗലവിയുടെയും പരേതയായ പുറത്തീൽ പുതിയകത്ത് ഹലീമയുടെയും മകനാണ്. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: ബുഷ്‌റ, അഹ്മദ് ബഷീർ ഫൈസി റബ്ബാനി, റൈഹാനത്ത്, റഫീഖ് ഫൈസി റബ്ബാനി, അലീമ വഫിയ്യ, അബ്ദുല്ല ഫൈസി ഹന്നത്ത്, ഹാഫിളത്ത് ഫാത്തിമ. മരുമക്കൾ: റഫീഖ് ഫൈസി ഇർഫാനി മട്ടന്നൂർ, മുനീർ ഫൈസി ഇർഫാനി പള്ളിയത്ത്, ഖമറുദ്ദീൻ ഫൈസി കണ്ണാടിപറമ്പ, ഹാരിസ് ഫൈസി ഏറന്തല, നൂറുദ്ദീൻ ഹുദവി പുല്ലൂപ്പി. സഹോദരങ്ങൾ: മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, പരേതനായ അബ്ദുൽ ഖാദർ അൽ ഖാസിമി മാണിയൂർ, അബ്ദുല്ല ബാഖവി മാണിയൂർ, ഖദീജ, ഫാത്തിമ, പരേതയായ ആയിശ.
29 തവണകളായി പണ്ഡിതരും സാദാത്തീങ്ങളും നേതൃത്വം നൽകിയ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിയോടെ മൃതദേഹം സ്വവസതിയുടെ ചാരത്ത് ഖബറടക്കി. മദ്‌റസ പഠനത്തിന് ശേഷം കാപ്പാട് എം.വി ഇബ്രാഹിം മുസ്‌ലിയാരുടെ ശിക്ഷണത്തിൽ പാപ്പിനിശേരി റൗളത്തുൽ ജന്ന ദർസിലും പിതാവിന്റെ ശിക്ഷണത്തിൽ മുട്ടം റഹ്മാനിയയിലും തൃക്കരിപ്പൂർ മുനവ്വിറിലും കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ശിക്ഷണത്തിൽ തങ്കയം ദർസിലും പഠനം നടത്തി. ഉത്തർപ്രദേശ് സഹാറൻപൂർ ജില്ലയിലെ ദാറുൽ ഉലൂംദയൂബന്തിലായിരുന്നു ബിരുദാനന്തരബിരുദ പഠനം.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, സെക്രട്ടറി ഉമർഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ബമ്പ്രാണ ബി.കെ അബ്ദുൽഖാദർ ഖാസിമി, ഒളവണ്ണ അബൂബക്കർ ദാരിമി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ വസതി സന്ദർശിച്ചു അനുശോചനമർപ്പിച്ചു.
.jpg)


