കണ്ണൂരിൽ തടവുകാരികളുടെ ജീവിതം പറഞ്ഞ എഴുത്തുകാരിയെ അനുമോദിച്ച് വിരമിച്ച ജയിൽ ജീവനക്കാർ

Retired prison staff felicitate the writer who chronicled the lives of female prisoners in Kannur.

 കണ്ണൂർ : തടവുകാരികളുടെ ജീവിതം പറയുന്ന പുസ്‌തകത്തിൻ്റെ എഴുത്തുകാരിയെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങ് ജയിൽ ജീവനക്കാരുടെ സർവീസുകാലസ്‌മരണകളുടെ അയവിറക്കൽ വേദിയായി. കേരള ജയിൽ എക്സിക്യൂട്ടീവ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ സെൻട്രൽ ജയിലിനോടനുബന്ധിച്ചുള്ള സിക്ക ഹാളിൽ സംഘടിപ്പിച്ച ചടങ്ങാണ് വിരമിച്ച ജയിൽജീവനക്കാരുടെ സേവനകാലയളവിലെ അപൂർവ്വസംഭവങ്ങളെ ഓർത്തെടുക്കുന്ന ഒന്നായി മാറിയത്. 

ഗ്രന്ഥകാരിയായ കണ്ണൂർ വനിതാ ജയിൽ റിട്ട. അസി. സൂപ്രണ്ട് കെ. എൻ. ശോഭനയെ അനുമോദിക്കുന്നതിനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ ' എന്ന പേരിൽ ശോഭന രചിച്ച നോവലെറ്റ് കണ്ണൂർ വനിതാ ജയിലിൽ അകപ്പെട്ട അനേകം തടവുകാരികളുടെ ജീവിതപശ്ചാത്തലം വരച്ചിടുന്നതാണ്. റിട്ട. ജയിൽ ഡി.ഐ. ജി: ശിവദാസ് കെ. തൈപ്പറമ്പിൽ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. 

പഴയ കാലത്തെ ജയിലും പുതുകാലജയിലും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു തുടങ്ങിയ സർവീസ് സ്‌റ്റോറിയെ പിന്നീട് സംസാരിച്ചവരെല്ലാം പിന്തുടരുകയായിരുന്നു.സ്വന്തം സർവീസിൽ അനുഭവിച്ച നല്ലതും ചീത്തയുമായ കാര്യങ്ങളെ ഓരോരുത്തരും ഓർത്തെടുത്തപ്പോൾ അതിൽ പലതും മറ്റ് പലർക്കും രഹസ്യമായ അറിവുകളായിരുന്നു. റിപ്പർ ചന്ദ്രൻ്റെ കുഴിമാടത്തിൽ ആദിവാസിയായ നവജാത ശിശുവിൻ്റെ ജഡവുമായി മഴയത്ത് നിൽക്കേണ്ടിവന്ന അനുഭവത്തിലെ ഞെട്ടൽ ഉൾപ്പെടെ പലതും പുതിയ വെളിപ്പെടുത്തലുമായി. 

ഇന്ത്യയിലാദ്യമായി തടവുകാരൻ ഓൺലൈൻ ക്ലാസിൽ എൽ. എൽ. ബി. പഠനം തുടരുകയും ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്ത ജയിലനുഭവമാണ് മുഖ്യാതിഥിയായ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു പങ്കുവെച്ചത്. വനിതാജയിൽ സൂപ്രണ്ട് പ്രമീള , സി. കെ. വിജയൻ, സി.പി. ശശീന്ദ്രൻ, പി. പി. ഷിബിൻ, കെ.വി. ജഗദീശൻ, കെ.വി. രവീന്ദ്രൻ, മനു കണ്ടോത്ത്, ടി വി വനജാക്ഷി എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. വിനോദൻ അധ്യക്ഷതവഹിച്ചു. സദാശിവൻ ഇരിങ്ങൽ പുസ്‌തകം പരിചയപ്പെടുത്തി. ഫോറസ്റ്റ് ബുക്സാണ് പ്രസാധകർ.

Tags