വിജയാഹ്ലാദം അതിരുവിടാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ക്ക് തീരുമാനം

ddd


കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായുള്ള ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും സമാധാനപരമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും യോഗം തീരുമാനിച്ചു. ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ചെയ്യും.

ജില്ലയിലെ പോളിങ് ഭംഗിയായും സമാധാനപരമായും പൂര്‍ത്തിയാക്കുവാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ പോലെ വോട്ടെണ്ണല്‍ ദിനത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഈ സമാധാന അന്തരീക്ഷം  നിലനിര്‍ത്താന്‍ കഴിയണം. അതിനായി വോട്ടെണ്ണല്‍ ദിനത്തിലും സമാധാനം ഉറപ്പുവരുത്താന്‍ സഹകരിക്കണമെന്ന് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.

രാഷ്ടീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങള്‍ ജൂണ്‍ നാലിന് രാത്രി ഒമ്പത് മണിക്ക് മുന്‍പായി അവസാനിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെയും റോഡ് ഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാതെയും മാത്രമേ പ്രകടനങ്ങള്‍ നടത്താവൂ. ആഹ്ലാദപ്രകടനങ്ങള്‍ ജില്ലയില്‍ പൊതുവില്‍ രാത്രി ഒമ്പത് മണിവരെയാണ് അനുവദിക്കുക. എന്നാല്‍ പ്രശ്‌ന സാധ്യത സ്ഥലങ്ങളിലെ വിജയാഘോഷങ്ങളുടെ സമയ പരിധി ആവശ്യമെങ്കില്‍ പരിമിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് സ്‌റ്റേഷന്‍ തലത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. ഈ യോഗ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ആഹ്ലാദപ്രകടനം നടത്തുന്നതിന് കൃത്യമായ വ്യവസ്ഥയും നിയന്ത്രണവും യോഗത്തില്‍ തീരുമാനിച്ചു.  ജില്ലയില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കണക്കിലെടുത്ത് അതിര്‍ത്തികള്‍ ലംഘിച്ചുള്ള ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന് തീരുമാനിച്ചു. വാഹന പ്രകടനങ്ങള്‍ തദ്ദേശസ്ഥാപന തലത്തില്‍ കേന്ദ്രീകരിക്കണം. മറ്റു പ്രദേശ പരിധിയിലേക്ക് കടക്കാന്‍ പാടില്ല.
പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍പാടില്ല. എതിര്‍ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കോ നേതാക്കളുടെ വീടുകള്‍ക്കോ മുന്നില്‍ പ്രകോപനപരമായ പ്രകടനം നടത്താന്‍ പാടില്ല.

ഒരേ സമയം ഒരു പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ അനുവദിക്കില്ല. അതിനാല്‍ ആഹ്ലാദ പ്രകടനം കടന്ന് പോകുന്ന വഴി പോലീസിന്റെ ഇലക്ഷന്‍ സെല്ലില്‍ മുന്‍കൂട്ടി അറിയിക്കണം. വിജയാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്വമുള്ള വളണ്ടിയര്‍മാരെ നിയോഗിക്കണം. ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഡിജെ പരിപാടികള്‍ പാടില്ല. പടക്കങ്ങള്‍ പരമാവധി ഒഴിവാക്കണം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള ബൈക്ക് ഓടിക്കല്‍, രണ്ടില്‍ കൂടുതല്‍ പേര്‍ ബൈക്കില്‍ യാത്ര ചെയ്യല്‍, യാത്ര ചെയ്തുകൊണ്ടുള്ള കൊടി വീശല്‍ എന്നിവ അനുവദിക്കില്ല. കൗണ്ടിങ് കേന്ദ്രത്തിന് സമീപം ഏജന്റുമാരല്ലാത്ത മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്തുന്നതും വിലക്കിയിട്ടുണ്ട്. കൗണ്ടിങ് കേന്ദ്രത്തിന് സമീപം ഒരു തരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും അനുവദിക്കില്ല.

ക്രമസമാധാനം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ താഴെ തട്ടിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ബാക്കിയുള്ളവ ഉടന്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ് അവ നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വോട്ടെണ്ണലിന്റെ തലേ ദിവസം (ജൂണ്‍ 3) 5 മണിക്ക് മുന്‍പ് കൗണ്ടിങ് ഏജന്റുമാര്‍ക്ക് ആവശ്യമായ പാസുകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും വാങ്ങിക്കേണ്ടതാണ്.

വോട്ടെണ്ണല്‍ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചായിരിക്കും കൗണ്ടിങ് ഏജന്റ്മാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക. ശക്തമായ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൗണ്ടിങ് ഏജന്റുമാര്‍ രാവിലെ ആറു മണിക്കും ഏഴു മണിക്കും ഉള്ളിലായി കൗണ്ടിങ് ഹാളില്‍ പ്രവേശിച്ചിരിക്കണം.
പൊലീസ് കമ്മീഷണര്‍മാരായ അജിത് കുമാര്‍ ( സിറ്റി), എം ഹേമലത ( റൂറല്‍) എ ഡി എം കെ നവീന്‍ ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags