വിനോദസഞ്ചാര ബോട്ടുകൾക്ക് നിയന്ത്രണം;പ്രതികൂല കാലാവസ്ഥയിൽ സർവീസ് നിർത്തിവെക്കണമെന്ന് കേരള മാരിടൈം ബോർഡ് ​​​​​​​

Restrictions on tourist boats; Kerala Maritime Board asks to suspend services in adverse weather conditions

കണ്ണൂർ : കാലാവസ്ഥപ്രതികൂലമായ സാഹചര്യങ്ങളിൽ വിനോദസഞ്ചാര ബോട്ടുകളുടെ സർവീസ് നിർത്തിവെക്കണമെന്ന് കേരള മാരിടൈം ബോർഡ് നിർദ്ദേശം നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള മുൻകരുതലിന്റെ ഭാഗമായാണ് നിർദ്ദേശം.കണ്ണൂർ  അഴീക്കൽ പോർട്ട് ഓഫ് രജിസ്ട്രിക്ക് കീഴിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടുകളിൽ യാത്ര ചെയ്യാൻ ദിവസേന ഒട്ടേറെ പേരാണ് എത്തുന്നത്.

 നിർദേശം ലംഘിച്ച് സർവീസ് നടത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കുകയും ജീവനക്കാർക്കും ഉടമകൾക്കും എതിരെ ഇൻലാൻഡ് വെസൽ ആക്റ്റ് പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുകാണിച്ച് പോർട്ട് ഓഫ് രജിസ്ട്രി അഴീക്കൽ ബോട്ട് ഉടമകൾക്കും, ജീവനക്കാർക്കും നോട്ടീസ് നൽകി. മതിയായ ലൈസൻസുള്ള ജീവനക്കാരില്ലാതേയും പരിധിയിൽ കവിഞ്ഞുള്ള യാത്രക്കാരെ കയറ്റിയും ഉല്ലാസ ബോട്ടുകൾ സർവീസ് നടത്തിയാൽ സ്രാങ്കിനെതിരേയും, ഉടമയ്‌ക്കെതിരേയും നടപടി ഉണ്ടാകും. 

യാത്ര ആരംഭിക്കുന്നതിന് മുൻപ് ബോട്ടിന്റെ സുരക്ഷ സ്രാങ്ക് പരിശോധിച്ചു ഉറപ്പുവരുത്തണം. മഴക്കാലമായാൽ പുഴകളിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടാറുണ്ട്. മൺസൂൺ സമയത്ത് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന ബോട്ടുകൾ പിടിച്ചെടുക്കുവാൻ അധികാരപ്പെട്ടവർക്ക് ശുപാർശ ചെയ്യുമെന്നും ബോർഡ് അധികൃതർ അറിയിച്ചു.
 

Tags