തളിപ്പറമ്പിലെ ത്രോബോൾ താരം അശ്വതിക്കും കുടുംബത്തിനും ആശ്വാസം; ബാങ്ക് ബാധ്യത തീർത്ത് വീടിന്റെ താക്കോൽ കൈമാറി
തളിപ്പറമ്പ : ദേശീയ, സംസ്ഥാന ത്രോബോൾ മത്സരങ്ങളിലെ നേട്ടങ്ങൾക്കപ്പുറം ജീവിതത്തിലെ ഏറ്റവും വലിയൊരു പോരാട്ടവും അതിജീവിച്ചിരിക്കുകയാണ് തളിപ്പറമ്പ് തോട്ടാറമ്പിലെ കായികതാരം അശ്വതി. അടുക്കള വരാന്തയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി കഴിയേണ്ടിവന്ന ആ കുടുംബത്തിന് ഇപ്പോൾ ആശ്വാസത്തിന്റെ പുതിയ വാതിൽ തുറന്നിരിക്കുന്നു. ബാങ്ക് ജപ്തിയെ തുടർന്ന് അശ്വതിയുടെ ദുരിതജീവിതം കേരള ഓൺലൈൻ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എത്തിയത്. കുടുംബത്തിന്റെ 22 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത മുഴുവനായും ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. വീടിന്റെ താക്കോൽ ലുലു ഗ്രൂപ്പ് പ്രതിനിധികളും കേരളാ ബാങ്ക് പ്രതിനിധികളും നേരിട്ട് കൈമാറി.

വർഷങ്ങളോളം കളിക്കളത്തിൽ കേരളത്തിനായി പോരാടിയ അശ്വതിക്ക് ഒടുവിൽ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലും ആശ്വാസത്തിന്റെ കൈത്താങ്ങ്. രണ്ട് കുഞ്ഞുങ്ങളുമായി അടുക്കള വരാന്തയിൽ കഴിയേണ്ടിവന്ന ഒരു കുടുംബത്തിന്റെ കണ്ണീരിന് ഇപ്പോൾ ആശ്വാസമായിരിക്കുകയാണ്.കേരളത്തിനായി ത്രോബോളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അശ്വതിയുടെ ജീവിതം പ്രതിസന്ധിയിലായത് പ്രസവത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ്. പിന്നാലെ ഭർത്താവ് നിതിൻ അപകടത്തിൽപ്പെട്ട് വിശ്രമത്തിലായതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ കേരള ബാങ്ക് വീട് ജപ്തി ചെയ്തു. ആറും രണ്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും രോഗികളായ മാതാപിതാക്കളുമടങ്ങുന്ന ആറംഗ കുടുംബത്തിന് മഴയും കാറ്റുമേറ്റ് വീടിന്റെ അടുക്കള വരാന്തയിൽ കഴിയേണ്ടിവന്നു.
ഈ ദുരിതജീവിതം കേരള ഓൺലൈൻ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എത്തിയത്. കേരള ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്ന ശാഖയിൽ 22 ലക്ഷത്തോളം രൂപ ലുലു ഗ്രൂപ്പ് അടച്ചുതീർത്തതോടെ വീടിന്റെ താക്കോൽ അശ്വതിക്കും കുടുംബത്തിനും കൈമാറി. നാളുകളായി അടഞ്ഞുകിടന്ന സ്വന്തം വീടിന്റെ വാതിൽ വീണ്ടും തുറന്നപ്പോൾ, അത് അശ്വതിക്കും കുടുംബത്തിനും കണ്ണീരുണങ്ങിയ സന്തോഷത്തിന്റെ നിമിഷമായി.

ഒരിക്കലും തിരിച്ചുപിടിക്കാനാകില്ലെന്ന് കരുതിയ വീടും സ്ഥലവും ഇന്ന് അശ്വതിക്കും കുടുംബത്തിനും വീണ്ടും സ്വന്തമായിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്കും സഹായഹസ്തം നീട്ടിയവർക്കും ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് അശ്വതിയും കുടുംബവും. ഇനി അശ്വതിയുടെ മുന്നിലുള്ള ലക്ഷ്യം ഒരു ജോലി കണ്ടെത്തി കുടുംബത്തെ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ്. ആ ആഗ്രഹവും അധികം വൈകാതെ സഫലമാകട്ടെ.
.jpg)

