മുൻഗണന റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ മൂന്ന് മുതൽ
കണ്ണൂർ:മുൻഗണനാ റേഷൻ കാർഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇ-കെവൈസി അപ്ഡേഷൻ (മസ്റ്ററിംഗ്) നിർബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദേശിച്ചതിനാൽ ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ ആറ് ദിവസങ്ങളിൽ ജില്ലയിലെ എല്ലാ റേഷൻ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ എഎവൈ, പിഎച്ച്എച്ച് മുൻഗണനാ വിഭാഗത്തിൽ ഉള്ള റേഷൻ കാർഡുകളിൽ (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷൻ കാർഡുകൾ) ഉൾപ്പെടെ എല്ലാ അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡും സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി ഇ-കെവൈസി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ക്യാമ്പുകളിൽ എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ ബന്ധപ്പെട്ട കാർഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കുക. അപ്രകാരമുള്ള റേഷൻ ഉപഭോക്താക്കളുടെ വീടുകളിൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ നേരിട്ടെത്തി ഇ-കെവൈസി അപ്ഡേഷൻ നടത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.