പാനൂരില്‍ വീണ്ടും റാഗിങ്, പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചു
കണ്ണൂര്‍: പാനൂരില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിക്കു നേരെ പാനൂരില്‍ റാഗിങും മര്‍ദ്ദനവും. കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി പാറാട് സ്വദേശി മെല്‍ബിനാണ് പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചു ക്രൂരമായി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം.
മുഖത്തും പുറത്തും പരുക്കേറ്റ വിദ്യാര്‍ത്ഥി പാനൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്‌സ തേടി. നേരത്തെയുണ്ടായ റാഗിങ് പരാതിയില്‍ സസ്‌പെന്‍ഷനിലായ പ്‌ളസ്ടൂ വിദ്യാര്‍ത്ഥികളാണ് അക്രമിച്ചത്. ബസ് സ്റ്റാന്‍ഡില്‍ പൊലിസുകാരും നാട്ടുകാരും യാത്രക്കാരും നോക്കിനില്‍ക്കെയാണ് വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
ബഹളമുണ്ടായതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ടു വിദ്യാര്‍ത്ഥികളെ ശാന്തരാക്കുകയായിരുന്നു. ഇതില്‍ ചിലരെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. കടവത്തൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ടായ റാഗിങിന്റെ അലയൊലികള്‍ അടങ്ങും മുന്‍പെയാണ് വിദ്യാര്‍ത്ഥികള്‍ പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പരസ്യമായിഏറ്റുമുട്ടിയത്.