പയ്യന്നൂരില്‍ ആരാധനാലയത്തിന് മുന്‍പില്‍ കിടങ്ങ് കുഴിച്ച് പൊതുമരാമത്ത് വകുപ്പ്; ദുരിതത്തിലായി വിശ്വാസികള്‍

church

കണ്ണൂര്‍: പയ്യന്നൂരില്‍ ആരാധനാലയത്തിന് മുന്‍പില്‍ പൊതുമരാമത്ത് വകുപ്പ് കിടങ്ങ് കുഴിച്ചത് വിശ്വാസികളെ ദുരിതത്തിലാക്കുന്നു. കേളോത്തെ സ്വകാര്യ റസ്റ്റോറന്റിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആരാധനാലയത്തിന് മുന്‍പിലാണ് പൊതുമരാമത്ത് വകുപ്പ് കിടങ്ങു കുഴിച്ചത്. പയ്യന്നൂര്‍ കേളോത്തെ അമലോത്ഭവ മാതാ ദേവാലയത്തിന്  മുന്‍പില്‍ കിടങ്ങു കുഴിച്ച് കാല്‍നടയാത്രപോലും ദുസഹമാക്കിയിരിക്കുകയാണ്. 

വെളളിയാഴ്ച്ച ഉച്ചയോടെയാണ് പൊതുമരാമത്ത് വകുപ്പ് തലതിരിഞ്ഞ പ്രവൃത്തിയെടുത്തത്. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിന് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പള്ളിയുടേയും ഗ്രോട്ടോയുടേയും മുന്നില്‍ കിടങ്ങ് കുഴിച്ച് അധികൃതര്‍ വെള്ളമൊഴുക്കിയത്. മഴപെയ്യുമ്പോഴുണ്ടാകുന്ന വെള്ളം ഇനിയും ഒഴുകിപ്പോകുന്നതിന് ഈ കിടങ്ങുതന്നെ വേണ്ടിവരുമെന്നതാണ് നിലവിലെ അവസ്ഥ.

നിരവധിയാളുകള്‍ പ്രാര്‍ത്ഥനക്ക് എത്തുന്ന ഗ്രോട്ടോയിലേക്ക് ആര്‍ക്കും കടന്നു ചെല്ലാനാകാത്ത അവസ്ഥയാണുള്ളത്. കിളച്ച് മറിച്ചുണ്ടാക്കിയ ചെളിയില്‍ ചവിട്ടിയാണ് ശനിയാഴ്ച്ച രാവിലെ കുര്‍ബാനയ്ക്കായി വിശ്വാസികള്‍ പലരും പള്ളിയിലെത്തിയത്. വൈദിക മന്ദിരത്തിലേക്കും പള്ളിയിലേക്കും പ്രധാന ഗേറ്റുവഴി ഒരുവാഹനവും കയറ്റാനോ ഇറക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. വെള്ളക്കെട്ടായി കിടന്നിരുന്ന സ്ഥലത്ത് രണ്ടോ മൂന്നോ ലോഡ് മണ്ണിട്ട് വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിയുമായിരുന്നതിനു പകരമാണ് പള്ളിക്ക് മുന്‍പില്‍ കിടങ്ങുകുഴിച്ചിട്ട് വിശ്വാസികളെ ദുരിതത്തിലാക്കിയത്.

Tags