കണ്ണൂരിൽ പിഎസ്‌ സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

High-tech cheating in PSC exams; Shocking information revealed

കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് സഹാദിൻ്റെ കൂട്ടാളിയായ പെരളശ്ശേരി മുണ്ടലൂർ  സ്വദേശിയായ യുവാവും പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെരളശേരി മുണ്ടലൂരിലെ എ.സബീലിനെയാണ് (23)  കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞസെപ്റ്റംബർ 27-ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയ്ക്കുള്ള പരീക്ഷയിലാണ് സംഭവം. പരീക്ഷയ്ക്കിടെ ബട്ടൺ ക്യാമറ വഴി ചോദ്യപേപ്പർ സുഹൃത്തായ സബീലിന് അയച്ചു കൊടുത്ത് ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കൈപ്പറ്റി പരീക്ഷയെഴുതുകയായിരുന്നു മുഹമ്മദ് സഹാദ്. പൊലിസ് ഇൻസ്പെക്ടർ പരീക്ഷയുൾപ്പെടെ സഹാദ് എഴുതിയ നാലോളം പരീക്ഷകളിൽ ഇങ്ങനെ ക്രമക്കേട് നടത്തിയെന്നാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ നാലോളം പരീക്ഷകളിൽ സമാനമായ രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പോലും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ദീപ്തി വി.വി., എസ്.ഐ അനുരൂപ് കെ., എസ്.ഐ വിനോദ് കുമാർ പി., എസ്.സി.പി.ഒ സജിത്ത്, സി.പി.ഒ രോഹിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags