പൊലിസിനെതിരെ പരാതിയുമായി പാതി വില തട്ടിപ്പിന് ഇരയായവർ : കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും


കണ്ണൂർ: പാതി വിലയ്ക്ക് വനിതകൾക്ക് സി.എസ്.ആർ ഫണ്ടുപയോഗിച്ച് സ്കൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞു കോടികളുടെ തട്ടിപ്പിന് ഇരയായവർ പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിച്ചു. അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പിന് കളമൊരുക്കിയ ജില്ലാ കോർഡിനേറ്റർ പി. മോഹനനും ജില്ലാ പ്രമോട്ടർരായ രാജാമണി, പുഷ്പജൻ, റീന, സക്കീന, രതീഷ്, രേഷ്മ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ഇരകളായവരുടെ ആവശ്യം.
മുഖ്യപ്രതിയായ അനന്തു കൃഷ്ണനെ കണ്ണൂരിലെത്തിച്ചു തെളിവെടുക്കണമെന്നും ഇരകളായ സ്ത്രീകൾ ആവശ്യപ്പെട്ടു. പ്രമോട്ടർമാരിൽ രാജാമണിക്കെതിരെ മാത്രമാണ് ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ മറ്റു പൊലിസ് സ്റ്റേഷനുകളിൽ ജില്ലാ കോർഡിനേറ്ററെയും പ്രമോട്ടർമാരെയും ചോദ്യം ചെയ്യാനായി വിളിച്ചിരുന്നുവെങ്കിലും വന്നില്ലെന്നാണ് പൊലിസിൻ്റെ വിശദീകരണം. കേസ് അന്വേഷണത്തിൽ പൊലിസ് പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.
