പോപുലർ ഫ്രണ്ട് അക്കൗണ്ടുമായി ബന്ധമെന്ന് ഭീഷണി: കണ്ണൂർ തോട്ടടയിലെ മുൻ ബാങ്ക് മാനേജരിൽ നിന്നും ഡിജിറ്റൽ അറസ്റ്റ് വഴി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ മുൻ പൊതുമേഖാ ബാങ്ക് മാനേജർക്ക് തീവ്രവാദ സംഘടനയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ആരോപിച്ചു ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട്
നിരോധിത തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കിയത്.
യുഎപിഎ കേസിൽ നിന്നും ഒഴിവാക്കാനാണ് ലക്ഷങ്ങൾ ആവശ്യപ്പെട്ടത്. തോട്ടടസ്വദേശിയായ മുൻ ബാങ്ക് മാനേജരിൽ നിന്നും ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പരാതിക്കാരന്റെ പേരിൽ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് മണി ലോണ്ടറിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നിങ്ങൾ 'ഡിജിറ്റൽ അറസ്റ്റിലാണെന്ന്' അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. റിട്ട: ബാങ്ക് മാനേജരുടെ കുടുംബം വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർസൈബർ പൊലിസ് സ്ഥലത്തെത്തിയാണ് തട്ടിപ്പു പൊളിച്ചത്.
ഇതേടെ ഇയാൾ വീഡിയോ കോൾ ഓഫാക്കി മുങ്ങുകയായിരുന്നു. നേരത്തെ തന്നെ ഡിജിറ്റൽ അറസ്റ്റിനെ കുറിച്ചും പൊലിസ് മുന്നറിയിപ്പും ശ്രദ്ധിച്ചിരുന്ന വയോധികനായ ബാങ്ക് മാനേജരുടെ സമചിത്തമായ ഇടപെടലിനെ തുടർന്നാണ് അക്കൗണ്ടിൽ നിന്നും പണമൊന്നും നഷ്ടപ്പെടാതിരുന്നത്.എന്നാൽ മലയാളിയായ തട്ടിപ്പുകാരനെ ഇതുവരെതിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി ഈഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് സൈബർ ക്രൈം പോലീസ് അറിയിച്ചു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി- 9497927694
ഇൻസ്പെക്ടർ ഓഫ് പോലീസ് (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497975778
പോലീസ് സബ് ഇൻസ്പെക്ടർ (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497935446
E-Mail ID - cyberpsknr.pol@kerala.gov.in വരും ദിനങ്ങളിലും സൈബർ ക്രൈമിനെതിരെ നടപടി ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
.jpg)


