പൂര മഹോത്സവം : തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരത്തിൽ അശ്വരഥോത്സവം നാളെ


രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപ്തി കുറിച്ച് നടക്കുന്ന " കാമൻപാട്ടി"ന് ശേഷം കൊട്ടാരത്തിൽ നിന്നും രണ്ട് പൊയ് കുതിരകളെ പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട 'തോലൻ' തറവാട് 'ആലിങ്കീൽ' തറവാട് എന്നിവിടങ്ങളിലെ കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനങ്ങളിലേക്ക് എഴുന്നള്ളിക്കും.
തളിപ്പറമ്പ് : പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഏപ്രിൽ
10 ന് വ്യാഴാഴ്ച ഉച്ചക്ക് 2.30ന് 'കുതിരവലി' എന്ന അശ്വരഥോത്സവം നടക്കും. രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപ്തി കുറിച്ച് നടക്കുന്ന " കാമൻപാട്ടി"ന് ശേഷം കൊട്ടാരത്തിൽ നിന്നും രണ്ട് പൊയ് കുതിരകളെ പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട 'തോലൻ' തറവാട് 'ആലിങ്കീൽ' തറവാട് എന്നിവിടങ്ങളിലെ കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനങ്ങളിലേക്ക് എഴുന്നള്ളിക്കും.
തറവാടു സ്ഥാനങ്ങളിൽ അലങ്കരിച്ച് നിർത്തുന്ന അശ്വരഥങ്ങളെ ഉച്ചയ്ക്കുശേഷം കൊട്ടാരത്തിൽ നിന്നും സപ്തമാതൃസ്തുതി ചൊല്ലിയ ശേഷം വാദ്യമേളങ്ങളോടുകൂടി കോമരങ്ങൾ എത്തി പൊയ്ക്കുതിരകളെ ഇളനീരും ഭസ്മവും കൊണ്ട് കലശ മാടുന്ന തോടെ രഥോത്സവത്തിന് തുടക്കം കുറിക്കും.
തോലൻ തറവാട്ടിൽ ഭദ്രകാളി സങ്കല്പത്തിൽ ചുവപ്പും, ആലിങ്കീൽ തറവാട്ടിൽ ശിവസങ്കല്പത്തിൽ പച്ചയും നിറങ്ങളോടുകൂടിയ അശ്വരഥങ്ങളെ കോമരങ്ങൾ കലയാടിയ ശേഷം തറവാട്ടംഗങ്ങൾ അരിയെറിഞ്ഞ് യാത്രയയക്കും. ഈ ചടങ്ങുകൾക്ക് ശേഷം സമുദായാംഗങ്ങൾ പാശങ്ങൾ കൊണ്ട് വലിച്ച് അശ്വരഥങ്ങളെ കൊട്ടരത്തിൽ സമർപ്പിക്കും . കൊട്ടാരത്തിൽ നിന്നും പുറപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തിന് മുന്നിലായി രണ്ട് അശ്വരഥങ്ങളെയും നഗര പ്രദക്ഷിണം നടത്തിക്കും.

കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രങ്ങളയ മുണ്ട്യക്കാവ്, അരിയിൽ കുളങ്ങര എന്നി ദേവസ്ഥാനങ്ങളിൽ കുതിരകള സമർപ്പിച്ച ശേഷം കാനത്ത് ശിവക്ഷേത്രത്തിൽ എത്തിച്ചേരും. കാനത്ത് ചിറയിൽ നടക്കുന്ന പൂരംകുളിക്കു ശേഷം എഴുന്നള്ളത്ത് മാനേങ്കാവിലെത്തും.
തുടർന്ന് കുലാല സമുദായത്തിൻ്റെ ക്ഷേത്രമായ വിക്രനന്തപുരം ക്ഷേത്രത്തിൽ വരവേല്പ് നല്കും.
പൂക്കോത്ത് നടയിൽ എത്തിച്ചേരുന്ന എഴുന്നള്ളത്ത് പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന "മഞ്ഞേരി", "ആന്ത്ര "എന്നി നമ്പ്യാർ തറവാടുകളിലും എത്തിച്ചേരും. രഥോത്സവം കൊട്ടാരത്തിൽ തിരിച്ചെത്തിയ ശേഷം കോലസ്വരൂപത്തിങ്കൽ തായ്പര ദേവതയുടെ പൂരം കുളിയോടെ പൂരാഘോഷത്തിന് സമാപ്തിയാകു.
കുതിര വലിയുടെ ഐതിഹ്യം :
പണ്ട് പൂക്കോത്ത് ഇല്ലത്തിൻ്റെ അധീനതയിലായിരുന്നു പൂക്കോത്ത് കൊട്ടാരം. പൂക്കോത്ത് ഇല്ലത്തെ ശിവ ഭക്തനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ അഭീഷ്ട കാര്യസിദ്ധിക്കായി പരമശിവനെ തപസ് ചെയ്തു. ഭക്തൻ്റെ തപസിൽ സന്തുഷ്ടനായ ശിവൻ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച മകൾ ഭദ്രകാളിയോടൊപ്പം പ്രത്യക്ഷപ്പെട്ടു.
ശിവൻ പച്ച പട്ട് വിരിച്ച കുതിരയുടെ പുറത്തും, മകൾ ഭദ്രകാളി ചുവന്ന പട്ട് വിരിച്ച കുതിരയുടെ പുറത്തുമായാണ് പ്രത്യക്ഷപ്പെട്ടത്. പൂര ദിവസം പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും തിരുവായുധം എഴുന്നള്ളത്തിന് മുന്നിൽ എൻ്റെയും മകൾ ഭദ്രകാളി യുടെയും സങ്കല്പത്തിൽ പച്ചയും ചുവപ്പും നിറങ്ങളോടുകൂടിയ രണ്ട് അശ്വരഥങ്ങളെ ഉണ്ടാക്കി ഭക്തിയോടു കൂടി നഗരപ്രദക്ഷിണാർത്ഥം എഴുന്നള്ളിച്ചാൽ നാടിനും ജനങ്ങൾക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് അനുഗ്രഹിച്ച് ഇരുവരും അപ്രത്യക്ഷമായി.
ഇതുമായി ബന്ധപ്പെട്ടാണ് പൂക്കോത്ത് കൊട്ടാരത്തിലെ പൂര ദിവസം തിരുവായുധം എഴുന്നള്ളത്തിൻ്റെ മുന്നിലായി അശ്വരഥങ്ങൾ നഗര പ്രദക്ഷിണം നടത്തി വരുന്നതിൻ്റെ ഐതിഹ്യം.