തളിപ്പറമ്പ് സർസയ്യദ് കോളജ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ദുഷ്ടലാക്ക്: അഡ്വ അബ്ദുൽ കരീം ചേലേരി

pinarayi vijayan  and adv abdul kareem cheleri,Sir Syed College, Taliparamba
pinarayi vijayan  and adv abdul kareem cheleri,Sir Syed College, Taliparamba


തളിപ്പറമ്പ: തളിപ്പറമ്പ് സർസയ്യദ് കോളജിൻ്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗിനെ പഴിചാരി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

tRootC1469263">

തളിപ്പറമ്പ് സർസയ്യദ് കോളജ് ഭൂമിയുമായി ബന്ധപ്പെട്ട് തണ്ടപ്പേരു മാറ്റുന്നത് സംബന്ധിച്ച ഒരു വ്യവഹാരത്തിൽ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് വന്ന ഒരു ക്ലരിക്കൽ തകരാറ് തിരുത്തുന്നതിന് വേണ്ടി കോളജിൻ്റെ ഉടമസ്ഥാവകാശമുള്ള കണ്ണൂർ ജില്ലാ മുസ്ലിം എഡുക്കേഷണൽ അസോസിയേഷൻ (CDMEA) എക്സിക്യുട്ടീവ് തീരുമാനമെടുക്കുകയും അതിന് ബന്ധപ്പെട്ട അഭിഭാഷകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടും വിഷയം സജീവമായി നിലനിർത്താൻ ശ്രമിക്കുന്നതിന് പിന്നിൽ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മുനമ്പം വിഷയത്തിലടക്കം പ്രശ്നം രമ്യമായി പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിൻ്റെ മറ്റൊരു വകഭേദമാണിത്.

സർ സയ്യദ് കോളജിൻ്റെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ മുസ്ലിം ലീഗിനോ കോളജ് മാനേജ്മെൻ്റിനോ രണ്ടഭിപ്രായമില്ല. കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം തിരുത്തുന്നതിലൂടെ ആ പ്രശ്നം അവസാനിക്കുകയും ചെയ്യും. ഉത്തര മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഉതകുന്ന ഉന്നത കലാലയങ്ങൾ സ്ഥാപിക്കാൻ തളിപ്പറമ്പ് മുസ്ലിം ജമാഅത്ത് ലീസായി നൽകിയ ഈ ഭൂമിയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അവയെ തകർക്കാൻ ശ്രമിക്കുന്ന തല്പര കക്ഷികളുടെ കൂടെ നിൽക്കാൻ മുസ്ലിം ലീഗിന് കഴിയില്ല. അതെ സമയം പ്രസ്തു ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ മുസ്ലിം ലീഗിന് സംശയവുമില്ല.

കേരളത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുസ്ലിംലീഗ് നേതാക്കൾ മുൻകൈ എടുത്ത് പടുത്തുയർത്തിയിട്ടുണ്ട്. എന്നാൽ അവയെല്ലാം മുസ്ലിംലീഗിൻ്റെ സ്ഥാപനങ്ങളുമല്ല. മുസ്ലിം ലീഗ് അതിൻ്റെയൊന്നും അട്ടിപ്പേറ് അവകാശം ഉന്നയിക്കുന്നുമില്ല.

സർ സയ്യദ് കോളജിൻ്റെ കാര്യത്തിലും ലീഗ് നിലപാട് ഇത് തന്നെയാണ്. മുസ്ലിം ലീഗ് കാരല്ലാത്ത നിരവധി പേർ കോളജിൻ്റെയും അതിൻ്റെ മാതൃസംഘടനയുടെയും തലപ്പത്ത് ഉണ്ടായിട്ടുണ്ട്. വ്യവസായ പ്രമുഖനായ എ.കെ. ഖാദർ കുട്ടി സാഹിബ്, സുപ്രീം കോടതി ജസ്റ്റീസായിരുന്ന വി.ഖാലിദ് സാഹിബ്, ആർ.എസ്.പി. സംസ്ഥാന സെക്രട്ടരിയായിരുന്ന കെ. അബ്ദുൽ ഖാദർ സാഹിബ്, തലശ്ശേരി മുനിസിൽപ്പൽ ചെയർമാനായിരുന്ന സി.പി.എം. നേതാവ് ഒ.വി. അബ്ദുള്ള എന്നിവർ അവരിൽ ചിലർ മാത്രമാണ്. ഇപ്പോൾ സർസയ്യദ് കോളജിൻ്റെ തലപ്പത്തിരിക്കുന്നത് മുസ്ലിംലീഗ് നേതാക്കളായതുകൊണ്ട് മാത്രം കോളജിൻ്റെ ഉടമസ്ഥാവകാശം മുസ്ലിംലീഗിലെത്തുന്നില്ല. അതിനാൽ ഈ വിഷയത്തിൽ മുസ്ലിംലീഗിനെ പഴിചാരി വിഷയം സജീവമായി നിലനിർത്താനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അബ്ദുൽ കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

Tags