രാത്രിയിൽ കണ്ണൂർ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ: കണ്ണൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ലേഡീസ് ഹോസ്റ്റലിൽ മദ്യ ലഹരിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. കണ്ണൂർ നഗരപരിധിയിൽ തന്നെ താമസിക്കുന്ന യുവാവാണ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്. ഹോസ്റ്റൽ വളപ്പിലേക്ക് കയറിയ ഇയാളെ ജീവനക്കാർ പിടിച്ചു വെച്ചു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ഒരു ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റിലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് അകത്ത് കടക്കുകയായിരുന്നു. പക്ഷേ ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു. വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ്സൂചന. പ്രതി ഒറ്റക്കാണോ, മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.
.jpg)

