ചക്കരക്കല്ലിൽ 31 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ തല്ലിക്കൊന്നതിന് പൊലിസ് കേസെടുത്തു, പരാതി നൽകിയ മൃഗ സ്നേഹിക്കെതിരെ വ്യാപക പ്രതിഷേധം

street dog
street dog

ചക്കരക്കൽ : പിഞ്ചുകുഞ്ഞിനെയടക്കം 31 പേരെ കടിച്ചു കീറിയ തെരുവുനായ ചത്ത സംഭവത്തിൽ പൊലിസിൽ പരാതി നൽകിയ മൃഗ സ്നേഹിയായ യുവതിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ മൃഗസ്നേഹി നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ചക്കരക്കൽ സോനാ റോഡ് ,മുഴപ്പാല, ആർ. വി മെട്ട, ഇരിവേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ 8.30 ന് തെരുവ് നായ സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന 31 പേരെ വീട്ടുപരിസരങ്ങളിൽ നിന്നും കടിച്ചു കീറിയത്. മുഴപ്പാല ഉച്ചുളിക്കുന്നിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിനെ നാട്ടുകാർ തല്ലിയും എറിഞ്ഞും കൊന്നതാണെന്ന പ്രചരണം നടന്നിരുന്നു.

നായയെ കൊന്നതാണെന്ന് ചൂണ്ടിക്കാട്ടി വാക്കിങ് ഐഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വ വക്കസി മാനേജിങ് ട്രസ്റ്റിയും പാനൂർ സ്വദേശിനിയുമാണ്‌ ചക്കരക്കൽ പൊലി സിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കണ്ടാലറിയാവുന്നവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. തെരുവ് നായയുടെ കടിയേറ്റവരിൽ പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിന് കടിയേറ്റ ഒരാൾ ചാല മിം മ്സ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചക്കരക്കൽ മേഖലയെ മുഴുവൻ നടുക്കിയ ആക്രമമാണ് തെരുവുനായ നടത്തിയത്.

ഇതിന് പേ വിഷബാധയുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിരവധി വളർത്തുമൃഗങ്ങളെയും തെരുവ് നായകളെയും ഈ നായകടിച്ചു പരുക്കേൽപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു. ഇവർ ആശങ്കയിൽ കഴിയുന്ന വേളയിലാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് നാട്ടുകാർക്കെതിരെ കേസെടുക്കുന്നത്. അതിശക്തമായ പ്രതിഷേധം ഇതിൽ മൃഗ സ്നേഹിക്കെതിരെ ഉയർന്നിട്ടുണ്ട്. വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ മൃഗ സ്നേഹിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അക്രമകാരിയായ തെരുവ് നായയെ എന്തു ചെയ്യണമെന്നു ഇയാൾ പറയണമെന്നും അവർക്കാണ് കടിയേറ്റിരുന്നുവെങ്കിൽ ഇങ്ങനെ പരാതി നൽകില്ലെന്നുമാണ് പലരുടെയും പ്രതികരണം.

Tags