കണ്ണൂർ പെരളശേരിയിൽ ബി.ജെ.പി പ്രവർത്തകനെയും ഭാര്യയെയും വീടുകയറി അക്രമിച്ചുവെന്ന് പരാതി: ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു
കണ്ണൂർ: പെരളശേരി ചിരത്തും കണ്ടിയിൽ ബി.ജെ.പി പ്രവർത്തകൻ കക്കൻ ഷൈജുവിനെയും പെരളശേരി പതിമൂന്നാം വാർഡിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയും ചക്കരക്കൽ മണ്ഡലം മഹിളാമോർച്ച പ്രസിഡൻ്റും പഞ്ചായത്തിലെ ആശാ വർക്കറുമായ റീജയെയും വീടുകയറി അക്രമിച്ചു വെന്ന പരാതിയിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ ചക്കരക്കൽ പൊലി സ്കേസെടുത്തു അന്വേഷണമാരംഭിച്ചു. സി.പി.എം പെരളശേരി ലോക്കൽ കമ്മിറ്റിയംഗം കെ. മഹേഷ്, എൻ.കെ. ബിജു, ലജീഷ് ചാത്തോത്ത്, കെ.സി സുനിൽകുമാർ, പി.കെ. ശശി തുടങ്ങിയ ഏഴു പേർക്കെതിരെയാണ് കേസെടുത്തത്. അക്രമത്തിൽ പരുക്കേറ്റുവെന്ന് ആരോപിച്ചു കക്കൻ ഷൈജുവും റീജയും തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പതിമൂന്നാം വാർഡായ മുണ്ടലൂരിൽ മത്സരിച്ച കെ. റീജ169 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ തങ്ങളെ ഭീഷണിപ്പെടുത്തുകയും ജനൽ ചില്ലുകൾ തകർക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് ഷൈജുവിൻ്റെ പരാതി. ഞായറാഴ്ച രാത്രി 7.30 നാണ് സംഭവം. സംഘർഷത്തിൽ പരുക്കേറ്റ കെ. മഹേഷ് കണ്ണൂർ എ കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ മദ്യലഹരിയിൽ ഓട്ടോറിക്ഷ ഡ്രൈവറും സി.പി.എം പ്രവർത്തകനുമായ മങ്കിയാവിൽ സജീവനെ മദ്യ ലഹരിയിൽ മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ കെ. ഷൈജു അസഭ്യം പറഞ്ഞത് അന്വേഷിക്കുന്നതിനായി വീട്ടു മുറ്റത്ത് നിന്ന് സംസാരിച്ച സി.പി.എം പെരളശേരി ലോക്കൽ കമ്മിറ്റിയംഗമായ കെ. മഹേഷിനും പ്രവർത്തകർക്കുമെതിരെ ഷൈജു മദ്യലഹരിയിൽ കത്തി വീശി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സി.പി.എം എടക്കാട് ഏരിയാ സെക്രട്ടറി എം.കെ മുരളി ആരോപിച്ചു. കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ ഭാര്യ റീജയ്ക്ക് കൈപ്പത്തിക്ക് മുറിവേറ്റത്. ഇതു സിപിഎം പ്രവർത്തകർ അക്രമിച്ചു വെന്ന കളളക്കഥയുണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നു.
മദ്യലഹരിയിൽ സി.പി.എം പ്രവർത്തകയായ ഉമയെ വീട്ടിൽ കയറിയും നാട്ടുകാരെ പൊതു സ്ഥലങ്ങളിൽ നിന്നും ഷൈജു അസഭ്യം പറഞ്ഞതായി ഏരിയാ സെക്രട്ടറി എം.കെ മുരളി ആരോപിച്ചു. നേരത്തെയുംസമാധാന അന്തരീക്ഷം നിലനിൽക്കുന്ന പെരളശേരിയിലും പരിസരങ്ങളിലും സംഘർഷമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിൽ സി.പി.എം എടക്കാട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. എന്നാൽ പെരളശേരി സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചു കെ.റീജ രണ്ടാം സ്ഥാനത്ത് എത്തിയതിൽ വിറളിപൂണ്ടാണ് സി.പി.എം പ്രവർത്തകർ വീടുകയറി അക്രമം നടത്തിയതെന്ന് ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു എളക്കുഴി ആരോപിച്ചു. പരുക്കേറ്റ ദമ്പതികളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സമിതി അംഗം. എൻ ഹരിദാസ്, ചക്കരക്കൽ മണ്ഡലം പ്രസിഡൻ്റ് വിപിൻ ഐവർ കുളം, തലശേരി മണ്ഡലം പ്രസിഡൻ്റ് കെ. ലിജേഷ് എന്നിവരും ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റിനോടൊപ്പമുണ്ടായിരുന്നു. സംഘർഷ സാദ്ധ്യത ഒഴിവാക്കുന്നതിനായ പ്രദേശത്ത് ചക്കരക്കൽ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
.jpg)


