തകര്‍ന്നു തരിപ്പണമായി പെരുമ്പാടി ചുരം പാത : പണി പാതിവഴിയിലാക്കി കരാറുകാരന്‍ മുങ്ങി ; മന്ത്രിക്ക് പരാതി നല്‍കി യാത്രക്കാര്‍ കാത്തിരിക്കുന്നു


ഇരിട്ടി : തലശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയുടെ ഭാഗവും കര്‍ണാടക സംസ്ഥാന പാത 91 ന്റെ ഭാഗവുമായ മാക്കൂട്ടം പെരുമ്പാടി ചുരം പാത യാത്രക്കാര്‍ക്ക് ദുരി്തമാകുന്നു.
കൂട്ടുപുഴ പാലം മുതല്‍ മാക്കൂട്ടം പൊലിസ് ചെക്ക്‌പോസ്റ്റ് വരെയുള്ള നാലു കിലോമീറ്ററോളം ദൂരം വാഹനങ്ങള്‍ ഓടിക്കാന്‍ വയ്യാത്തവിധം ത തകര്‍ന്നിരിക്കുകയാണ്.
ആറുമാസം മുന്‍മ്പ് പാതയുടെ അറ്റകുറ്റപണിക്കായി 16 കോടി രൂപ അനുവദിക്കുകയും ഭാഗിക അറ്റകുറ്റപണികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും പണി പാതിവഴിയില്‍ നിര്‍ത്തിവെച്ച് കരാറുകാരന്‍ സ്ഥലം വിട്ടിരിക്കയാണ്. ഇതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് യാത്രക്കാര്‍.
കൂട്ടുപുഴ മുതല്‍ പെരുമ്പാടി വരെ ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന 16 കിലോമീറ്ററോളം വരുന്ന ചുരം പാതയാണ് പലയിടങ്ങളിലും തകര്‍ന്ന് കുണ്ടും കൊഴിയുമായിക്കിടക്കുന്നത്.

കഴിഞ്ഞ കാലവര്‍ഷത്തിന് മുന്‍മ്പ് തന്നെ ടാറിംങ്ങ് ഇളകി റോഡിന്റെ തകര്‍ച്ച ആരംഭിച്ചിരുന്നു. മഴ കനത്തതോടെ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും യാത്ര ദുഷ്‌ക്കരമാവുകയും ചെയ്തു. ഏതാനും മാസം മുന്‍പ് റോഡ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിക്കുയും പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും കരാറുകാരന്‍ പണി നിര്‍ത്തിപ്പോയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കാല വര്‍ഷം വീണ്ടും മുന്നിലെത്തി നില്‍ക്കേ എത്രയും പെട്ടെന്ന് പണി നടന്നില്ലെങ്കില്‍ റോഡില്‍ യാത്രാ പ്രതിസന്ധി കനക്കാനാണ് ഇത് കരണമാകുക. രാപ്പകലില്ലാതെ നിരവധി ചരക്ക് വാഹനങ്ങളും നൂറുകണക്കിന് യാത്രവാഹനങ്ങളും ഇടതടവില്ലാതെയാണ് ഈ കാനന പാതയിലൂടെ കടന്നുപോകുന്നത്.
വീരാജ്‌പേട്ട മുതല്‍ പെരുമ്പാടി വരെയുളള ഭാഗം മഴയ്ക്ക് മുന്‍മ്പ് നവീകരിച്ചെങ്കിലും ചുരം റോഡിനെ അവഗണിക്കുന്ന അവസ്ഥയാണ്.
പാടേ തകര്‍ന്ന് വര്ഷങ്ങളോളം നശിച്ചുകിടന്ന റോഡ് യാത്ര ദുഷ്‌കരമായതോടെ ഗതാഗതം പാടെ നിര്‍ത്തിവെക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒരു വര്‍ഷത്തോളം അടച്ചിട്ട് നവീകരണം നടത്തിയാറോഡില്‍ 2012 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍പോലും റോഡില്‍ നടന്നിട്ടില്ല.
പരാതികള്‍ ഉയരുമ്പോള്‍ വലിയ കുഴികള്‍ അടച്ചുപോകുന്ന സമീപനമാണ് ഉണ്ടാകുന്നത്. അന്തര്‍ സംസ്ഥാന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്ന വരുമാന വര്‍ധനവും ഈ പാതയുടെ കാര്യത്തില്‍ പരിഗണിക്കപ്പെടുന്നില്ല.
കൊടും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരു വശങ്ങളിലും പലയിടങ്ങളിലും ഓവുചാലുകള്‍ പോലുമില്ല.വലിയ താഴ്്ച്ചകളുടെ അരികുകളില്‍ സ്ഥാപിച്ച സംരക്ഷണ വേലികളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.