പിലാത്തറയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ
പയ്യന്നൂർ: പിലാത്തറയിലെ സ്വർണ കവർച്ച കേസിൽ ഒരാൾ കൂടി പിടിയിൽ.മഹാരാഷ്ട്രക്കാരനായ സ്വർണവ്യാപാരിയെ തടഞ്ഞ് നിർത്തി ആക്രമിച്ച ശേഷം കോടികളുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിലാണ് ഒരാൾ കൂടി പൊലീസ് പിടിയിലായത്. ചൊക്ലി സ്വദേശിയായ അഭിനവിനെ (36)യാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് രാവിലെ 10 ന് ചൊക്ളിയിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്.
ഇതോടെ ഈ വൻ കവർച്ചാ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളുടെ എണ്ണം നാലായി ഉയർന്നു. കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു നാടിനെ നടുക്കിയ കവർച്ച സംഭവം നടന്നത്. വഴിയിൽ വച്ച് മഹാരാഷ്ട്രക്കാരനും ഇപ്പോൾ തലശേരിയിൽ താമസക്കാരനുമായ സ്വർണവ്യാപാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തുകയും വ്യാപാരിയെ അതിക്രൂരമായി ആക്രമിച്ച് വശത്താക്കിയ ശേഷം വാഹനത്തിൽ ഉണ്ടായിരുന്ന ഒന്നരക്കോടി രൂപയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും സംഘം കവരുകയായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ പൊലീസിൻ്റെ വിവിധ സംഘങ്ങൾ രൂപീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റ് പ്രധാന പ്രതികളെ നേരത്തെ തന്നെ പൊലീസ് വലയിലാക്കിയിരുന്നു.പിടിയിലായവരിൽ ചിലർചൊക്ലി പാനൂർ മേഖലയിൽ ഉള്ളവരാണ്.അറസ്റ്റിലായ അഭിനവിന് കവർച്ചാ ആസൂത്രണത്തിലും പ്രതികളെ സുരക്ഷിതമായി ഒളിവിൽ പോകാൻ സഹായിച്ചതിലും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. പിടിയിലായ പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കവർച്ച ചെയ്‌ത പണവും സ്വർണവും കണ്ടെത്തുന്നതിനായുള്ള തെളിവെടുപ്പുകൾ ഉടൻ ആരംഭിക്കും.
.jpg)

