പെൻഷൻകാരോട് സർക്കാർ കാണിച്ചത് കടുത്ത വഞ്ചന: പെൻഷനേഴ്‌സ് സംഘ്
കണ്ണൂർ: സർക്കാറിന്റെ ബോണസ്, ഉത്സവബത്ത പ്രഖ്യാപനം വഴി സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി കെ എൻ.വിനോദ് അഭിപ്രായപ്പെട്ടു.
വർഷങ്ങളായി കുടിശ്ശികയായി കിടക്കുന്ന ക്ഷാമാശ്വാസം അനുവദിച്ചില്ല എന്ന് മാത്രമല്ല,ഉത്സവബത്ത ഇനത്തിൽ നാമമാത്ര വർദ്ധനവ് പോലും വരുത്താൻ സർക്കാർ തയ്യാറായില്ല എന്നത് അത്യന്തം പ്രതിഷേധാർഹം ആണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ വരുത്തിവെച്ച ഡിഎ കുടിശ്ശിക ഇതുവരെ അനുവദിച്ചിട്ടില്ല.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഡി. എ എങ്കിലും കുടിശിക സഹിതം അനുവദിക്കുമെന്ന് പ്രതീക്ഷിച്ച ജീവനക്കാരും പെൻഷൻകാരും നിരാശരായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രൂക്ഷമായ വിലക്കയറ്റം അനുഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അടിയന്തരമായി ക്ഷാമാശ്വാസ കുടിശികയും ഉത്സവബത്ത വർദ്ധനവും അനുവദിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ടി ശിവദാസൻ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി മനോജ് മാസ്റ്റർ സ്വാഗതവും ജില്ലാ ട്രഷറർ കെ വി ശ്രീധരൻ നന്ദിയും പറഞ്ഞു. ധർണക്ക് എൻ. വി.മോഹനൻ മാസ്റ്റർ, എം. വി.ജയരാജൻ, സി.രമേശൻ, എം. ടി സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
.jpg)

