പെൻഷൻ വിതരണം വൈകുന്നു; കണ്ണൂരിൽ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്‌

Pension distribution is delayed; Youth Congress blockades Joint Registrar's office in Kannur


കണ്ണൂർ: വലിയ പെരുന്നാളിന് മുൻപായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചിട്ടും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ നയിച്ച സമരത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

സർക്കാർ അനുവദിച്ച പെൻഷൻ തുക പല സഹകരണ ബാങ്കുകളിലും അഞ്ചു ദിവസത്തിലേറെയായി വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ചില സഹകരണ ബാങ്കുകളിലാണ് മനപ്പൂർവമായ കാലതാമസം ഉണ്ടാക്കുന്നതെന്നും, പെൻഷൻ വിതരണം വൈകുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിന്മേൽ ചുമത്താനുള്ള ഗൂഢമായ രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, കടന്നപ്പള്ളി-പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇതുവരെ പെൻഷൻ വിതരണം ആരംഭിക്കാത്തതിനെതിരെയാണ് പ്രതിഷേധം ശക്തമായി ഉയർന്നത്. വിശേഷ ദിവസങ്ങളെ മുൻനിർത്തി പെൻഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരും വയോജനങ്ങളും കടുത്ത ബുദ്ധിമുട്ടിലാണ് കഴിയുന്നതെന്നും,
“പെരുന്നാളിന് പെൻഷൻ മുടക്കിയ സർക്കാർ എന്ന് പ്രചരിപ്പിക്കുന്നവർ സ്വയം കണ്ണാടിയിൽ നോക്കി ‘പെൻഷൻ മുടക്കിയ സഖാവ്’ എന്നാണ് പറയേണ്ടത്,” എന്നും വിജിൽ മോഹനൻ പറഞ്ഞു. സർക്കാർ തുക അനുവദിച്ച ശേഷവും ബാങ്കുകൾ വിതരണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഉപരോധ സമരത്തെ തുടർന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാർ യൂത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. ജില്ലയിലെ മുഴുവൻ പെൻഷൻ വിതരണവും അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, നിയോജക മണ്ഡലം പ്രസിഡന്റ് വരുൺ എം കെ, അൻഫീർ ചാലാട്, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലട്, ഷജിൽ മുകുന്ദ്, നിവേദ് ടി, അതുൽ നാരായണൻ എന്നിവർ നേതൃത്വം നൽകി.

Tags