3 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിക്കും:തകർന്ന പഴശ്ശി കനാലും ടണലും പുനർനിർമിക്കാൻ തീരുമാനം
മട്ടന്നൂർ:അണ്ടർ ടണൽ തകർച്ചയെ തുടർന്ന് രണ്ടായി വേർപ്പെട്ട പഴശ്ശി കനാലും ടണലും അടിയന്തര പ്രാധാന്യത്തോടെ പുനർനിർമിക്കാൻ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിൻറെ അധ്യക്ഷതയിലായിരുന്നു യോഗം.കഴിഞ്ഞ ദിവസമാണ് പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിൻറെ കാര തെളുപ്പ് പ്രദേശത്തെ പ്രധാന അണ്ടർ ടണൽ തകർന്നത്. ഇതേതടേർന്ന് തെളുപ്പ്, തേക്കിൻകാട് കനാൽ രണ്ടായി മാറി. കനാൽ തകർന്നതിനെ തുടർന്ന് എട്ടോളം വീടുകൾ വെള്ളത്തിനടിയിലാവുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഗതാഗതം പൂർണമായി നിലച്ച പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
സംഭവത്തിൻറെ ഗൗരവം വി കെ സനോജ് എംഎൽഎ അപ്പോൾ തന്നെ ജലസേചന വകുപ്പ് മന്ത്രിയുടെയും കണ്ണൂർ ജില്ലാ കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര യോഗം വിളിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ, കീഴല്ലൂർ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരെയും വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്തുള്ള മന്ത്രിയുടെ ചേമ്പറിൽ യോഗം വിളിച്ചുചേർത്തത്.
തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിക്കുന്നതിനായി മുന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കാൻ യോഗം തീരുമാനിച്ചു. വെള്ളം കയറി നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാൻ കണ്ണൂർ ജില്ലാ കലക്ടറോട് മന്ത്രി നിർദ്ദേശിച്ചു. ഇതിനായി സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് ഉടൻ തയ്യാറാക്കി നൽകാനും നിർദ്ദേശമുണ്ട്. പ്രദേശത്തിന് പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് വി കെ സനോജ് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.
പഴശ്ശി പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ വിപുലമായ യോഗം ചേർന്ന് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. അടുത്ത മാസത്തോടെ മന്ത്രി നേരിട്ട് പദ്ധതി പ്രദേശം സന്ദർശിക്കും. ഒപ്പം മട്ടന്നൂരിൽ പഴശ്ശി പദ്ധതിയുടെ പുതിയ ഓഫീസ് തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.യോഗത്തിൽ വി കെ സനോജ് എംഎൽഎയ്ക്ക് പുറമെ , കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണു രാജ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സി സജീവൻ, സ്ഥിരം സമിതി ചെയർമാൻ ടി രുധീഷ്, ജലസേചന വകുപ്പിലെയും ജല അതോറിറ്റിയിലെയും റവന്യൂ വകുപ്പിലെയും കെഎസ്ഇബിയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
.jpg)

