കളിയരങ്ങ് ഒരുങ്ങി ഇനി കളി ലഹരി മാത്രം; നാടിന് അഭിമാനമായി പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് കോംപ്ളക്സ്


കണ്ണൂർ: പഠനമികവിൽ കണ്ണൂരിൻ്റെ വിദ്യാഭ്യാസ ഭൂപടത്തിൽ ഇടം നേടിയ പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്കൂൾ കായിക രംഗത്തും മുന്നേറ്റം കുറിക്കുന്നു. വോളിബോളിൻ്റെ ഈറ്റില്ലമായ പട്ടാന്നൂരിൽ മറ്റു കായിക ഇനങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് മികച്ച ഭൗതിക സാഹചര്യമൊരുക്കി മുൻപോട്ടു പോകുന്നത്. ഇന്ത്യൻഫുട്ബോളറായ പത്മശ്രീ ഐ.എം വിജയനെന്ന കറുത്തമുത്ത് പട്ടാന്നൂർ കെ.പി.സി ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ അത്യാധുനിക മൺ ഫുട്ബോൾ മൈതാനവും ഷട്ടിൽ മൈതാനവും ഉദ്ഘാടനം ചെയ്തതോടെ കുട്ടികളുടെ കളിമിക വിനാണ് ഇനി നാട് സാക്ഷ്യമാവുക.
അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വിദ്യാലയങ്ങളിൽ പടർന്നു കയറുന്ന ലഹരിവ്യാപനം എന്നിവയൊക്കെ മുൻകൂട്ടി തടയാൻ കായിക രംഗത്തിന് മാത്രമേ കഴിയുകയുള്ളുവെന്ന തിരിച്ചറിവാണ് കോടികൾ മുടക്കി അത്യാധുനിക പുതിയ സ്പോർട്ട് സ് കോംപ്ളക്സ് നിർമ്മിക്കാൻ മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചത് ഇതിനൊപ്പം പി.ടി.എ യും നാട്ടുകാരും ചേർന്നു നിന്നതോടെ നിർമ്മാണം ദ്രുതഗതിയിലായി.
സ്കൂൾ സ്ഥാപകയായ കൊയിലി പാഞ്ചാലി അമ്മ സ്മാരക സ്പോർട്സ് കോംപ്ളാക്സെന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ സ്റ്റേഡിയം കോംപ്ളക്സിൻ്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. വോളിബോൾ കോർട്ട്, പവലിയൻ, തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കും.

നാട്ടിലെ കായികപ്രേമികളെയും പ്രാദേശിക മത്സരങ്ങളെയും ചേർത്തു നിർത്തി മുൻപോട്ടു പോകുന്നത് പട്ടാന്നൂർ സ്കൂളിൻ്റെ ഇതുവരെയുള്ള രീതി. പ്രാദേശികമായുള്ള കായിക രംഗത്തെ ഉത്തേജിപ്പിക്കാൻ പുതിയ കളി മൈതാനങ്ങൾക്കു കഴിയുമെന്നാണ് പ്രതീക്ഷ. 60 കളിൽ സ്ഥാപിതമായ ഈ സ്കൂൾ കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പാരമ്പര്യമുള്ളതാണ്. സ്കൂൾ തുടങ്ങിയതിനു ശേഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യം നൂറുമേനി നേടിയ സംസ്ഥാനത്തെ രണ്ടു വിദ്യാലയങ്ങളിലൊന്നായി ഇടം പിടിക്കാൻ പട്ടാനൂർ സ്കൂളിന് കഴിഞ്ഞു. ഇപ്പോഴും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി തന്നെയാണ് ഈ സ്കൂളിന്. ഇതോടൊപ്പം മികച്ച ഹയർ സെക്കൻഡറി വിഭാഗം കുറ്റ്യൂട്ടൂർമാമ്പഴ ഗന്ധവും മാവിൻ്റെ തണലുമുള്ള ക്യാംപസും ആരുടെയും മനം കുളിർപ്പിക്കും. കളിച്ചു പഠിക്കുക മാത്ര കലാപ്രകടനത്തിലും മുൻപന്തിയിലാണ് കെ.പി.സി യിലെ കുട്ടികൾ '
'നാടിന് തന്നെ അഭിമാനമായി മാറുകയാണ് ഇവർ.
മികച്ചകളി മൈതാനങ്ങൾ നമ്മുടെ കായിക രംഗത്തേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധി എ സി മനോജ് പറഞ്ഞു. സ്പോർട്സ് താരമായ ഒരു കുട്ടിക്ക് ജീവിതത്തിൽ എല്ലാം സ്പോർട്ട്സ്മാൻ സ്പിരിറ്റോടെ അതിജീവിക്കാനാവും.
ലാഭേച്ഛയില്ലാതെ വിദ്യാർത്ഥികൾക്ക് കായിക രംഗത്ത് മികവുണ്ടാക്കാൻ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ് മാനേജ്മെൻ്റിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഭാവിയിലെ താരങ്ങൾക്ക് മിന്നി തെളിയാൻ നമ്മുടെ സ്കൂൾ മൈതാനങ്ങൾ സഹായിക്കുമെന്ന് സംഘാടകനായ ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീകാന്ത് കൊടെരി പറഞ്ഞു.
പഠനം കഴിഞ്ഞാലും കായികരംഗത്ത് മുന്നേറാനും മികച്ച ജോലി നേടാനും അവരെ ഇവിടെ നിന്നും നേടിയ കായിക മികവ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് മികച്ച അവസരമാണ് സ്കൂൾ കായിക രംഗത്തുള്ളതെന്ന് ഹൈസ്കൂൾ വിഭാഗം അധ്യാപിക കെ.കെ റീന പറഞ്ഞു.ഇതിനായുള്ള മികച്ച അവസരമാണ് പുതിയ സ്പോർട്ട് സ് കോംപ്ളക്സ് ഒരുക്കുന്നതെന്നും അവർ പറഞ്ഞു.
പഠനത്തോടൊപ്പം കളിക്കാനും താൽപര്യമുണ്ടെന്ന് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികളായവൈഷ്ണയുംഅശ്വതി പറഞ്ഞു. സ്കൂളിൽ ആധുനിക കളി മൈതാനം വരുന്നതിൻ്റെ ത്രില്ലിലാണ് തങ്ങളെന്ന് ഇരുവരും ഒരേ സ്വരത്തിൽപറഞ്ഞു.