ഫോൺ ചാർജ് ചെയ്യാൻ വെച്ച് കുളിക്കാൻ പോയി; തിരിച്ചെത്തിയപ്പോൾ പട്ടാന്നൂർ സ്വദേശി ക്ക് നഷ്‌ടമായത് 2.79 ലക്ഷം

Man from Pattannoor loses ₹2.79 lakh after leaving phone to charge and going for a bath


കണ്ണൂർ: ജില്ലയിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. പട്ടാന്നൂർ സ്വദേശിയായ വി. ബിനുവിനാണ് സൈബർ തട്ടിപ്പിലൂടെ 2,79,000 രൂപ നഷ്ടമായത്. വ്യാഴാഴ്ച രാത്രി എട്ടേകാലോടെ ഫോൺ പ്ലഗ്ഗിൽ ചാർജ് ചെയ്യാൻ വെച്ച ശേഷം കുളിക്കാൻ പോയ ബിനു, തിരികെ വന്നപ്പോൾ ഫോൺ സ്ക്രീനിൽ കണ്ട നോട്ടിഫിക്കേഷൻ കണ്ട് ഞെട്ടുകയായിരുന്നു. 

അക്കൗണ്ടിൽ നിന്നു 1,80,000 രൂപ പിൻവലിക്കപ്പെട്ടതായി ഫോണിൽ മെസ്സേജ് വന്നിരുന്നു. ഉടൻതന്നെ കാനറാ ബാങ്കിന്റെ 'എ.ഐ വൺ' (ai1) എന്ന ആപ്പ് തുറന്നു പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. രാത്രി 8:36ന് 99,000 രൂപയും, തൊട്ടുപിന്നാലെ 8:37ന് 1,80,000 രൂപയും അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. വെറും 52 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപ് ഇത്രയും വലിയ തുക അക്കൗണ്ടിൽ നിന്നു അപ്രത്യക്ഷമായത്.  

പണം നഷ്ടപ്പെട്ടതിൽ ബാങ്കിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചകൾ ഉണ്ടായതായി ബിനു സംശയിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ മാത്രമാണ് ഈ അക്കൗണ്ടിൽ നിന്നും ഓൺലൈനായി കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ. അന്ന് രാവിലെ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി മുപ്പതിനായിരത്തിലധികം രൂപ ബിനു ഓൺലൈനായി അയച്ചിരുന്നു. അതിനാൽ തന്നെ ബാക്കി എഴുപതിനായിരത്തിൽ താഴെ രൂപ മാത്രമേ അക്കൗണ്ടിൽ നിന്നും പോകാൻ പാടുള്ളൂ എന്നിരിക്കെയാണ് ലക്ഷങ്ങൾ ഒറ്റയടിക്ക് നഷ്ടപ്പെട്ടത് എന്നത് ബാങ്കിന്റെ ഉത്തരവാദിത്തമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

Tags