പരിയാരം ഗവ.ആയുർവ്വേദ മെഡിക്കൽ കോളേജിലെ സെൻട്രൽ റിസർച്ച് ലബോറട്ടറി ഉൾപ്പെടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Projects including the Central Research Laboratory at Pariyaram Government Ayurveda Medical College were inaugurated

പരിയാരം : പരിയാരത്തെ ഗവ.ആയുർവേദ കോളേജിൽ പൂർത്തികരിച്ച വിവിധ പദ്ധതികൾ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തീകരിച്ച ബാച്ചിലേഴ്സ് ക്വാർട്ടേഴ്സ്, ആനിമൽ ഹൗസ്, സെൻട്രൽ റിസർച്ച് ലബോറട്ടറി, നവീകരിച്ച ക്യാമ്പസ് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.ടി.ഡി.ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി. 

ബാച്ചിലേഴ്സ് ക്വാർട്ടേഴ്സ് നിർമ്മാണത്തിനായി രണ്ടു കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. മൂന്ന് നിലകളിലായി 521.13 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച കെട്ടിത്തിൽ 12 ബാച്ചിലേഴ്സ് ക്വാർട്ടേഴ്സുകളാണ് ഉൾപ്പെടുന്നത്. 1.09 കോടി രൂപ ചെലവഴിച്ചാണ് സെൻട്രൽ റിസർച്ച് ലബോറട്ടറി കെട്ടിടം നിർമ്മിച്ചത്. 238.57 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ നാല് ലാബ് മുറികളും ഓഫീസ് റൂം, ടോയിലറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഗവേഷണ ആവശ്യങ്ങൾക്ക് മൃഗങ്ങളെ ആരോഗ്യകരമായ സാഹചര്യത്തിൽ പരിപാലിക്കുക, വൈദ്യശാസ്ത്രവും ഫാർമക്കോളജിയും സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തി പുതിയ മരുന്നുകളും ചികിത്സാരീതികളും പഠിക്കുക, വിദ്യാർഥികൾക്കും ഗവേഷകർക്കും മൃഗപരീക്ഷണ രീതികളിൽ പ്രായോഗിക പരിശീലനം നൽകുക, മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കി ശുചിത്വവും ശരിയായ പരിചരണവും നൽകുക, മൃഗസംരക്ഷണ നിയമങ്ങളും നൈതിക മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് ഗവേഷണം നടത്തുക, ഗവേഷണ പരിസ്ഥിതി ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അനിമൽ ഹൗസ് നിർമ്മിച്ചിരിക്കുന്നത്. ഫാർമ്മക്കോളജി എക്സ്പിരിമെന്റ് റൂം, സാമ്പിൾ അനാലിസിസ് റൂം, ഓപ്പറേഷൻ റൂം, ഡിസ്‌കഷൻ/മീറ്റിംഗ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്ന ആനിമൽ ഹൗസ് കെട്ടിട നിർമ്മാണത്തിനായി 49.67 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 99.56 ചതുരശ്ര മീറ്റർ ആണ് കെട്ടിടത്തിന്റെ വിസ്തൃതി. 

990 മീറ്റർ നീളത്തിൽ മിക്‌സ് സീൽ സർഫസിങ് ചെയ്താണ് കോളേജ് ക്യാമ്പസ് റോഡിന്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത്. 68.79 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് അസി എക്‌സി എഞ്ചിനിയർ കെ ആശിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ചന്ദ്രൻ, പഞ്ചായത്ത് അംഗം എ.വി.കോമളവല്ലി, കോളേജ് പ്രിസിപ്പൽ ഡോ. പി.ആർ ഇന്ദുകല, അഖിലകേരള ഗവ. ആയുർവേദ കോളേജ് അധ്യാപക സംഘടന ഭാരവാഹി ഡോ. ജെനിൻ ജിത്ത്, കെ.ജി.ഒ.എ ഭാരവാഹി ഡോ. ജയകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ.വി. ബാലകൃഷ്ണൻ,   എച്ച്.ഡി.എസ് അംഗങ്ങളായ പി.പി.ദാമോദരൻ, കെ.പി.ജനാർദ്ദനൻ, സുധീഷ് കടന്നപ്പള്ളി, ടി.രാജൻ, സി.ബി.കെ സന്തോഷ്, ജോസ് പള്ളിപ്പറമ്പിൽ, പി.ടി.എ പ്രസിഡന്റ് സുലൈമാൻ, എൻ.ജി.ഒ യൂണിയൻ പ്രതിനിധി കെ ഉണ്ണികൃഷ്ണൻ, എൻ.ജി.ഒ അസോസിയേഷൻ പ്രതിനിധി സി.ടി.സ്മിത, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ അമൃത എസ് രാജ്, ഡോ. എ.ഗുൽഷൻ, ഡോ.ശിഖ പാണ്ഡെ എന്നിവർ സംസാരിച്ചു.

Tags