'പാനൂരിൽ കണ്ടത് പുലിയല്ല, കാട്ടുപൂച്ച' ; സ്ഥിരീകരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ


പാനൂർ : പാനൂർ നഗരസഭയിലെ എലാങ്കോട് പുലിയുടെ സാന്നിധ്യം കണ്ടുവെന്ന് പറയുന്ന സ്ഥലത്ത് കണ്ടെത്തിയത് കാട്ടുപൂച്ചയുടെ കാൽപ്പാടുകളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാനൂർ പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലാണ് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. പുലിയുടേതിന് സമാ നമായ കാൽപ്പാടുകൾ വിദഗ്ദ്ധ പരിശോധനയിൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യം ഉണ്ടായാൽ പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലം എംഎൽഎ കെ പി മോഹനൻ പാനൂർ നഗരസഭ അധ്യക്ഷൻ കെ പി ഹാഷിം സ്ഥലത്തെത്തിയിരുന്നു. കണ്ടത് പുലിയെ ആണെന്ന് പെൺകുട്ടി തറപ്പിച്ചു പറഞ്ഞതോടെ എംഎൽഎ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഫോറസ്റ്റ് വാച്ചർ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി. കാൽപ്പാടുകൾ പരിശോധിച്ചു കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക ഒഴിഞ്ഞത്.
