പടിയൂര്‍ ഇക്കോ പ്ലാനെറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Padiyur Eco Planet inaugurated by Minister Muhammad Riyaz

ഇരിക്കൂർ :പടിയൂർ-കല്യാട് പഞ്ചായത്തിൽ പഴശ്ശി ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് പൂർത്തിയായ ടൂറിസം പദ്ധതി പടിയൂർ ഇക്കോ പാർക്കിൻ്റെ ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനവും രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും  ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ വൻ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞെന്നും 2025 ൽ മൂന്നു കോടിക്കടുത്ത് വിനോദ സഞ്ചാരികളാണ്  കേരളം സന്ദർശിക്കാനെത്തിയതെന്നും ഇത് സർവ്വകാല റെക്കോഡ് ആണെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തിൻ്റെ വിവിധ സാധ്യതകൾ വികസിപ്പിച്ചതിലൂടെ ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി കേരളത്തിനു മാറാനായെന്നും മന്ത്രി പറഞ്ഞു. അധ്യക്ഷത വഹിച്ച കെ കെ ശൈലജ ടീച്ചർ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

tRootC1469263">

പഴശ്ശി അണക്കെട്ടിന്റെയും അനുബന്ധപ്രദേശങ്ങളുടെയും സ്വഭാവിക പ്രകൃതി  സംരക്ഷിച്ച് പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയായ ഇക്കോ-ടൂറിസം ഡെവലപ്‌മെന്റ് പഴശ്ശി ഡാം ആന്‍ഡ് സറൗണ്ടിങ് ഏരിയയുടെ ഭാഗമായി വികസിപ്പിച്ചതാണ് പടിയൂരിലെ ഇക്കോ പ്ലാനെറ്റ്. അഞ്ചര കോടിയോളം രൂപ വകയിരിത്തിയിരിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്.

പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്നുള്ള പ്രദേശത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസത്തിലൂടെ പ്രദേശവാസികളുടെ സാമ്പത്തിക പുരോഗതിയും പദ്ധതി ലക്ഷ്യം വെക്കുന്നു. ഒന്നാം ഘട്ടത്തില്‍  1300 മീറ്റര്‍ നീളമുള്ള റോഡ്, റെസ്‌റ്റോറന്റ് ബ്ലോക്ക്, ടോയ്‌ലറ്റ് ബ്ലോക്ക്, പ്രവേശന കവാടം, സൗന്ദര്യവത്കരണം, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ നടപ്പാത, സൈക്കിൾ ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം, ഇരിപ്പിടങ്ങൾ തുടങ്ങിയവയും സജ്ജമാക്കും.പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തിന്റെ വികസനത്തിനും ഇക്കോ ടൂറിസത്തിനും വലിയ സാധ്യതകളാണ് തുറക്കുന്നത്.
കണ്ണൂർ കെ ഐ ഐ ഡി സി ഡപ്യൂട്ടി ജനറൽ മാനേജർ എൻ ടി ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ സുലേഖ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി ശ്രീജ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി   അധ്യക്ഷൻ ബോബി എണ്ണച്ചേരിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി ഷംസുദീൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി വി രാജീവ്, സ്ഥിരം സമിതി അധ്യക്ഷരായ കെ വി തങ്കമണി, ബി രാമചന്ദ്രൻ, കെ വി പത്മിനി, അംഗങ്ങളായ ഷഹന രാജീവ്, കെ വി മനോഹരൻ, കെ പി ബാബു,  ആസൂത്രണ സ്ഥിരം സമിതി ഉപാധ്യക്ഷൻ പി ഷിനോജ്, പഴശി ഇറിഗേഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയർ ജയരാജൻ കണിയേരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 

Tags