സ്ഥാനാർത്ഥിയാകില്ലെന്നുറപ്പായതോടെ പാർട്ടി വിട്ട് പോയി യു.ഡി.എഫിൻ്റെ തിണ്ണ നിരങ്ങുന്നു; ടി.കെ ഗോവിന്ദനെതിരെ ആഞ്ഞടിച്ച് പി ജയരാജൻ
കണ്ണൂർ : ടി.കെ ഗോവിന്ദനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തളിപ്പറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമള ടീച്ചർ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മനസിലാക്കി, പരാജയഭീതി പൂണ്ട യു.ഡി.എഫ്, സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ദുഷ്പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പി. ജയരാജൻ.
അധികാരത്തിൻ്റെ ആൾ രൂപമായിരുന്ന ആളാണ് ടി കെ ഗോവിന്ദൻ. സ്ഥാനാർത്ഥിയാകിലെന്നുറപ്പായതോടെ പാർട്ടി വിട്ട് പോയി യു.ഡി.എഫിൻ്റെ തിണ്ണ നിരങ്ങുകയാണ്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ പോയില്ലെങ്കിൽ അദ്ദേഹം ഹിന്ദുത്വ വർഗീയ വാദികളെ കൂട്ടുപിടിക്കാനും സാധ്യതയുണ്ട്. അപ്പോൾ ഇന്ന് അഭയം നൽകിയ കോൺഗ്രസിനെതിരെയും ലീഗിനെതിരെയും നുണകൾ പറഞ്ഞു നടക്കാനും മടിക്കില്ലെന്നും പി. ജയരാജൻ പറഞ്ഞു. തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസര വാദത്തിൻ്റെയും വിശ്വാസ വഞ്ചനയുടെയും ആൾ രൂപമാണ് യു.ഡി.എഫ് പിന്തുണ നൽകുന്ന സ്വതന്ത്ര സ്ഥാനാർഥി. യു.ഡി.എഫിലെ ആളുകൾക്കിടയിൽ തന്നെ മതിപ്പില്ല. വലിയ വിഭാഗം ആളുകൾ പിന്നോട്ട് പോയിരിക്കുകയാണ്. തോൽവി ഉറപ്പായപ്പോൾ വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. രഞ്ജിത്തിൻ്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മാങ്ങയുള്ള മാവിൽ കല്ലെറിയുന്നത് പോലെ ആണ്. രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാനായത് 2021ലാണ്. അന്ന് കോടിയേരിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി. അത് മറച്ചു വച്ചാണ് ദുഷ്പ്രചരണം നടത്തുന്നത്. രഞ്ജിത്തിനെതിരെ പരാതി ഉയർന്ന സമയത്ത് തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആ സമയത്ത് തന്നെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റി.
സ്ത്രീപക്ഷ നവകേരളം എന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടാണ്. എന്നാൽ സ്ത്രീപീഡന കേസുകളിൽ പ്രതികളായവർക്ക് വേണ്ടി വാദിക്കുന്നവരാണ് യു.ഡി.എഫ് ക്യാമ്പിലുള്ളത്. അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എം.എൽ.എയ്ക്ക് വേണ്ടി സത്യാഗ്രഹം നടത്തിയവർ ഇപ്പോൾ സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. ഇത്തരം ഇരട്ടത്താപ്പുകൾ മണ്ഡലത്തിലെ വോട്ടർമാർ തിരിച്ചറിയും. പി.കെ. ശ്യാമള ടീച്ചർ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന കരുത്തുറ്റ പോരാളിയാണ്. മറിച്ച് വയനാട്ടിലെ പ്രിയങ്ക ഗാന്ധിയെപ്പോലെ കുടുംബ മഹിമയുടെ പേരിൽ കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥിയല്ല. അധികാരം ലക്ഷ്യം വെച്ച് പാർട്ടി വിട്ടുപോയവർ അത് ലഭിച്ചില്ലെങ്കിൽ അതിനായി വർഗീയ ശക്തികളുമായി പോലും കൈകോർക്കാൻ തയ്യാറാകും. ഇപ്പോൾ അവസരം നൽകിയ കോൺഗ്രസിനും ലീഗിനും എതിരെ നുണകൾ പറഞ്ഞ് നടക്കുകയും ചെയ്യുമെന്നും പി. ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മററി ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ. വി ഗോപിനാഥ്, കെ. സന്തോഷ്, കെ.സി സോമൻ നമ്പ്യാർ, കെ.എസ് ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)


