ഓപ്പറേഷൻ തൂഫാൻ; കണ്ണൂർ തളിപ്പറമ്പിലെ എംഡി എം എ വിതരണ ശൃംഖലയിലെ സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്യുന്നവർ പോലീസ് പിടിയിൽ
തളിപ്പറമ്പ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തളിപ്പറമ്പിലെ എംഡി എം എ വിതരണ ശൃംഖലയിലെ സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്യുകയും സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്നവർ പോലീസ് പിടിയിൽ. പരിയാരം തിരുവട്ടൂർ സ്വദേശി ഫായിസ് റഹ്മാൻ, പാണപ്പുഴ സ്വദേശി കെ ഷമ്മാസ് എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ നടപടി ശക്തമാക്കുകയാണ് പോലീസ്. മയക്കുമരുന്ന് റാക്കറ്റിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുകയും സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സാംസൺ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 30ന് 80 ഗ്രാമിൽ അധികം എംഡിഎമ്മുമായി തളിപ്പറമ്പ് സലാമത്ത് നഗർ സ്വദേശി സി മുഹമ്മദ് ദീർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഫായിസ് റഹ്മാൻ പിടിയിലായത്.
മയക്കുമരുന്ന് വിൽപ്പനയിലൂടെ ഉണ്ടാക്കുന്ന പണം ഫായിസ് റഹ്മാന്റെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കാറുള്ളതെന്ന് പോലീസ് കണ്ടെത്തി. പലയിടത്തും മയക്കുമരുന്ന് എത്തിക്കുന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ വച്ചാണ് ഫായിസ് റഹ്മാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 9ന് അഞ്ചു ഗ്രാം എംഡി എംഎയുമായി പിടിയിലായ എളമ്പേരംപാറ സ്വദേശി സി മൂസാൻകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കെ ഷമ്മാസ് പിടിയിലായത്.
മയക്കുമരുന്ന് വിൽപ്പനയിലൂടെ മൂസാൻകുട്ടി സമാഹരിക്കുന്ന പണവും ഷമ്മാസിന്റെ അക്കൗണ്ട് വഴിയാണ് കൈകാര്യം ചെയ്യുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കി മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാനാണ് പൊലീസിന്റെ തീരുമാനം
.jpg)

