കണ്ണൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തം; കതിരൂരിൽ വൻ എംഡിഎംഎ ശേഖരവുമായി നാലുപേർ പിടിയിൽ
കതിരൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല തകർക്കാൻ ലക്ഷ്യമിട്ട് പൊലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ഡ്രൈവിന്റെ ഭാഗമായി കതിരൂരിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 16.4393 ഗ്രാം മാരക സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ. യുമായി നാലംഗ സംഘത്തെ കതിരൂർ പോലീസ് പിടികൂടി.
ചോനാടം സ്വദേശി എൻ ജംഷീർ (21), കണ്ണവം സ്വദേശി കെവി സഹീർ (38), മാടപീടിക സ്വദേശികളായ തൻവീർ (35), റെനെ ഒലിവർ (46) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ പരിധിയിൽ നടന്നു വരുന്ന വ്യാപക പരിശോധനകൾക്കിടെയാണ് പ്രതികൾ വലയിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കതിരൂർ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറും അതിലുണ്ടായിരുന്നവരെയും പോലീസ് സംഘം തടഞ്ഞുവെച്ച് വിശദമായി പരിശോധിക്കുകയായിരുന്നു.
അറസ്റ്റിലായ സഹീർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു എംഡിഎംഎ കേസിലും, റെനെ ഒലിവറിന് പള്ളൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് കേസിലും പ്രതികളാണ്.കതിരൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ഹരിദേവ് കെ.എസ്, എസ്.സി.പി.ഒ മനേഷ്, സി.പി.ഒ നിജിത്ത്, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
.jpg)

