ഓപ്പറേഷൻ തണ്ടർ ; പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 17 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ
പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ദശരത് മണ്ഡൽ (21) പിടിയിൽ. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പയ്യന്നൂർ റേഞ്ച് എക്സൈസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാടും ആർ.പി.എഫ് കണ്ണൂരും സംയുക്തമായാണ് പരിശോധന നടത്തിയത്.
പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം ദശരത് മണ്ഡലിനെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.
ഒറീസയിൽ നിന്ന് കഞ്ചാവ് എത്തിച്ചതായി മൊഴി
ചോദ്യം ചെയ്യലിൽ ഒറീസയിൽ നിന്ന് കഞ്ചാവുമായി നേരത്തെയും കേരളത്തിലെത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ദശരത് മണ്ഡലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
പ്രതിയുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഒറീസയിൽ നിന്ന് കഞ്ചാവുമായി ദശരത് മണ്ഡൽ പയ്യന്നൂർ ഭാഗത്തേക്ക് എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ, പയ്യന്നൂർ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട്, ആർ.പി.എഫ് കണ്ണൂർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മധുസൂദനൻ കെ.പി., വിനോദ് വി.കെ., കമലാക്ഷൻ ടി.വി., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, വിവേക് വിജയൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷിജു കെ.എം., ഹെഡ് കോൺസ്റ്റബിൾ ശ്രീകാന്ത് വി.വി., ആർ.പി.എഫ് കണ്ണൂർ കോൺസ്റ്റബിൾ പ്രദീപ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.
.jpg)

