ഓപ്പറേഷൻ കണ്ണൂർ മഖ്‌ന വിജയം; ആറളത്തെ വിറപ്പിച്ച മോഴയാനയെ മുത്തങ്ങയിലെത്തിച്ചു
.കണ്ണൂർ: ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും പ്രദേശവാസികളെ വർഷങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കെഎം-1 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ മയക്കുവെടിവെച്ച് പിടികൂടി വയനാട്ടിലെത്തിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് ആനയെ ആറളത്ത് നിന്നും മാറ്റിയത്.മുത്തങ്ങയിൽ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിലാണ് കണ്ണൂർ മഖ്നയെ താമസിപ്പിക്കുന്നത് ആനയുടെ മുൻഭാഗത്തെ ഒരു കാലിലും തുമ്പിക്കൈയിലും മുറിവിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതായി ഡിഎഫ്ഒ പറഞ്ഞു. ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ചികിത്സ നൽകും. ആനയുടെ ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം ട്രാക്ക് ചെയ്യുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ച് വിസ്തൃതമായ വനമേഖലയിൽ തുറന്നുവിടാനാണ് നിലവിലെ പദ്ധതിയെന്ന് ഡിഎഫ് ഒ അറിയിച്ചു.
ഓപ്പറേഷൻ കണ്ണൂർ മഖ്‌ന' എന്ന പേരിൽ നടത്തിയ ദൗത്യത്തിനൊടുവിലാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടിയത്. ഏതാനും ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ആനയെ തളയ്ക്കാനായത്. ചൊവ്വാഴ്ച ആനയെ പുനരധിവാസ മേഖലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും മയക്കുവെടി വയ്ക്കാൻ സൗകര്യപ്രദമായ സ്ഥലത്തല്ലാത്തതിനാൽ ദൗത്യം നീണ്ടുപോവുകയായിരുന്നു. അവസാനം ഇന്നലെ (വ്യാഴാഴ്ച) രാവിലെ 11 മണിയോടെയാണ് 100ലേറെ പേർ അടങ്ങുന്ന ദൗത്യസംഘം മോഴയ്ക്ക് ആദ്യ മയക്കുവെടി നൽകിയത്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് രണ്ടു തവണ കൂടി മയക്കുവെടി നൽകി. എന്നിട്ടും പൂർണ്ണമായും മയങ്ങാതെ നിന്ന ആനയെ അധിക മരുന്ന് നൽകിയാണ് നിയന്ത്രണവിധേയമാക്കിയത്.

മയക്കുവെടിയേറ്റതിന് പിന്നാലെ നേരത്തേ വളയംചാലിൽ തയ്യാറാക്കി നിർത്തിയിരുന്ന മൂന്ന് കുങ്കിയാനകളെ സംഭവസ്ഥലത്തേക്ക് എത്തിച്ചു. ആദ്യം വിക്രമും ഉണ്ണികൃഷ്ണനും പിന്നീട് ഭരതനും ദൗത്യത്തിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടിയേറ്റ മോഴയെ താങ്ങിനിർത്തുകയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മോഴയെയും കൂടെയുണ്ടായിരുന്ന ആറു കാട്ടാനളെയും പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് നിരീക്ഷണസംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കൂടെയുണ്ടായിരുന്ന ആനകളെ മോഴയിൽനിന്ന് അകറ്റിയ ശേഷം മയക്കുവെടിവെക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.
റോഡിൽനിന്ന് ഏകദേശം 300 മീറ്റർ അകത്തുള്ള വനമ്പ്രദേശത്തു വച്ചാണ് മോഴയെ മയക്കുവെടിവെച്ചത്. ഇവിടെ നിന്ന് മയക്കുവെടിയേറ്റ ആനയെ റോഡിലെത്തിക്കുക അസാധ്യമായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുതിയ റോഡ് നിർമ്മിച്ച് ആനയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനിടെയുണ്ടായ ശക്തമായ മഴ ദൗത്യം ദുഷ്‌കരമാക്കി. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പുറത്തെത്തിച്ച് വയനാട്ടിലേക്ക് വെള്ളിയാഴ്ച്ച പുലർച്ചെ കൊണ്ടുപോയി
ആനയെ പിടികൂടിയ പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മുൻകരുതൽ എന്ന നിലയിൽ ബുധനാഴ്ച മുതൽ ഇവിടെ ജില്ലാ കളക്ടർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കക്കുവാ കവല മുതൽ പതിമൂന്നാം ബ്ലോക്ക് പരിപ്പ്‌തോട് റൂട്ടിൽ ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ദൗത്യം അവസാനിക്കുന്നതു വരെ വനംവകുപ്പിന്റെയും പോലീസിന്റെയും വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിട്ടുള്ളൂ.
ആറളത്തെ ആർആർടിക്കു പുറമെ, വയനാട്ടിൽ നിന്നും നിലമ്പൂരിൽ നിന്നുമുള്ള ആർആർടികളും മുതിർന്ന വനം, റവന്യൂ, പോലിസ് വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെടെ നൂറിലേറെ പേർ അടങ്ങിയ ദൗത്യസംഘമാണ് ഓപ്പറേഷൻ കെഎം-1 വിജയകരമായി പൂർത്തീകരിച്ചത്.
കണ്ണൂർ ഡിഎഫ്ഒ കെ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ, ആറളം സിഐ ടി കെ ഷീജു, എസ്എച്ച്ഒ എൻ ബിബിൻ, ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, കൊട്ടിയൂർ റെയിഞ്ചർ ടി. നിഥിൻരാജ്, കണ്ണവം റെയിഞ്ചർ സുധീർ നരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ തുടങ്ങിയവർ ദൗത്യത്തിന് നേതൃത്വം നൽകി.
.jpg)

