കണ്ണൂർ ഏച്ചൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ചക്കരക്കല്ല്: ബെംഗളൂരുവിലെ ബേക്കറിയുടമ ഏച്ചൂർ കമാൽപീടികയിലെ പി.പി.മുഹമ്മദ് റഫീഖിനെ കമാൽ പിടികയിൽ നിന്നും കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇരിക്കൂർ പെടയങ്ങോട് പുതിയപുരയിൽ ഹൗസിൽ ഷിനോജിനെ (40)യാണ് ചക്കരക്കൽ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
പി.പി.റഫീഖിനെ തട്ടിക്കൊണ്ടുപോയി ഒൻപതുലക്ഷം രൂപയാണ് കവർന്നത്. കവർച്ചസംഘം ഉപയോഗിച്ച കാർ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സെപ്റ്റംബർ അഞ്ചിന് പുലർച്ചെയാണ് ബെംഗളുരുവിൽനിന്ന് ബസിൽ കമാൽപീടികയിലിറങ്ങിയ റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് ക്രൂരമായി മർദിച്ച് റഫീഖിനെ കാപ്പാട് വിജനമായ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു.
കേസിൽ മറ്റു പ്രതികളായ കാസർഗോഡ് കോളിയടുക്കം സ്വദേശി അഷറഫ്, ബദിയടുക്ക സ്വദേശി മുസമ്മിൽ, ഇരിക്കൂർ കല്യാട് സ്വദേശി സിജോയ് എന്നിവരെ മുൻപ് അറസ്റ്റ് ചെയ്‌തിരുന്നുവെങ്കിലും ഇവർ അന്വേഷണം വഴിതെറ്റിക്കാൻ വ്യാജമായി കുറ്റസമ്മതം നടത്തി സ്റ്റേഷനിൽ ഹാജരായതാണെന്ന് പിന്നീടാണ് മനസിലായത്. കുഴൽപണം പൊട്ടിക്കൽ, ക്വട്ടേഷൻ, സംഘത്തിൽ ഉൾപ്പെട്ട ഷിനോജിനെതിരെ കൽപ്പറ്റയിലും സമാനമായ കൊള്ളയ്ക്ക് കേസുണ്ട്.