ഓണം ബമ്പർ എഐ ഭാഗ്യശാലികൾ സജീവം; ഊഹാപോഹങ്ങൾക്കും കഥകൾക്കും എഐ ചിത്രങ്ങൾക്കും പഞ്ഞമില്ല
കണ്ണൂർ : തിരുവോണ ബംപർ ലോട്ടറി ഫലം വന്നിട്ടും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ച ഇപ്പോഴും കാണാമറയത്താണ്. എന്നാൽ ഭാഗ്യശാലി താനാണ് എന്ന രീതിയിൽ പ്രചരിക്കുന്നത് വലിയ കഥകളാണ്. അതിനുമപ്പുറം ടിക്കറ്റുമായുള്ള എ ഐ ചിത്രങ്ങളും സജീവമാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റും പിടിച്ചുനിൽക്കുന്ന ഒട്ടേറെ ‘എഐ മനുഷ്യരാണ്’ സമൂഹമാധ്യമങ്ങളിലെങ്ങും.
കനറാ ബാങ്കിന്റെ വട്ടോളി ശാഖയിൽ മാനേജർ പ്രവീൺ വട്ടോളിയെ ടിക്കറ്റ് ഏൽപിച്ച കഥയുമുണ്ട് കൂട്ടത്തിൽ! കണ്ണൂർ മൊകേരി സ്വദേശിയായ മനുവിനാണു ലോട്ടറി അടിച്ചതെന്നും മട്ടന്നൂർ വഴി ലോഡുമായി വന്ന യാത്രയ്ക്കിടയിലാണ് ടിക്കറ്റ് എടുത്തതെന്നുമൊക്കെയാണു കഥ.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ പി.വി.വത്സരാജിന്റെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽനിന്ന് സബ് ഏജന്റായ മുയ്യം വടക്കാഞ്ചേരിയിലെ എം.വി.സുജിത്ത് വാങ്ങി വിറ്റ 30 ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനം. നിലവിൽ ഏജന്റിനെത്തേടി ഇതുവരെ ആരും എത്തിയിട്ടില്ല. നാട്ടിൽത്തന്നെയുള്ളവർക്കാണ് ഭൂരിഭാഗം ടിക്കറ്റുകളും വിറ്റത്. അതുകൊണ്ട്, ഭാഗ്യശാലി ഇവിടെത്തന്നെയുണ്ടാകുമെന്നാണ് ഏജന്റിന്റെ പ്രതീക്ഷ.
.jpg)

