'ഓമനക്കാഴ്ച'യ്ക്ക് ചൂളിയാട് ഒരുങ്ങുന്നു ;പയ്യാവൂർ ഊട്ടു മഹോത്സവം 23 ന്


ഇരിക്കൂർ:പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തോടനുബന്ധിച്ച് വർഷത്തോറും നൂറുകണക്കിന് ദേശവാസികൾ പഴക്കുലയേന്തി നടക്കുന്ന ഓമനകാഴ്ച എഴുന്നള്ളിപ്പിന് ചൂളിയാട് ദേശം ഒരുക്കം തുടങ്ങി. പയ്യാവൂർപ്പന് ഊട്ടിൻ്റെ ഒടുവിൽ ഭുജിക്കാനുള്ള പഴം എത്തിക്കുക എന്ന സങ്കൽപ്പമനുസരിച്ചാണ് ദൃശ്യഭംഗിയും ആചാരതികവുമൊത്ത ഓമനകാഴ്ച എഴുന്നള്ളിപ്പ് നടത്തുന്നത്. ഇത്തവണത്തെ കാഴ്ച എടുപ്പ് 22 നാണ്.
പയ്യാവൂരപ്പൻ തന്നെ ഊട്ടുത്സവത്തിനാവശ്യമായ വിഭവങ്ങൾ വിളയുന്ന പ്രദേശങ്ങളിൽ ചെന്ന് വർഷത്തോറും മുടക്കം കൂടാതെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഏർപ്പാട് ചെയ്തു എന്നതാണ് ഐതീഹ്യം. അതനുസരിച്ച് അരി കുടക് നാട്ടിൽ നിന്നും, കറി സാധനങ്ങൾ ചേടിച്ചേരി -കുട്ടാവ് എന്നിവിടങ്ങളിൽ നിന്നും അഗ്നി കുറുമാത്തൂർ ഇല്ലത്തിൽ നിന്നും, തൈര് കുനത്ത് നാട്ടിൽ നിന്നും,നെയ്യ് നാടെങ്ങുമുള്ള നായർ ഗ്രഹങ്ങളിൽ നിന്നും എത്തിക്കാൻ എർപ്പാടാക്കി. സദ്യയുടെ അവസാന വിഭവമായ പഴം എത്തിക്കാൻ ദേവൻ ആവശ്യപ്പെട്ടത് ചൂളിയാടുള്ള തീയ്യ സമുദായക്കാരോടാണ്. നൂറ്റാണ്ടുകൾക്കു മുമ്പേങ്ങോ ഉണ്ടായ ഈ അരുളപ്പാട് അനുസരിച്ചാണ് ഇവിടത്തെ തീയ്യ കുടുംബങ്ങളിലെ ഓരോ പുരുഷപ്രജയുടെ പേരിലും രണ്ട് വാഴ കുല വീതം ദേവന് എത്തിച്ചു നൽകുന്നത്.

14 മുതൽ കുലകൾ ശേഖരിച്ച് തുടങ്ങും ശേഖരിച്ച കുലകൾ 18 ന് പഴുക്കുന്നതിനായി കുഴിയിൽ വെച്ച് മൂടും. നാല് സ്ഥലങ്ങളിൽ ഇതിനായി പ്രത്യേക കുഴികൾ തയ്യാറാക്കും. കുഴിയിൽ വെച്ച കുലകൾ 21 ന് പുറത്തെടുത്ത് പന്തലിൽ തൂക്കിയിടും അപ്പോഴേക്കും കുലകൾ സ്വർണ്ണനിറം പകർന്നിട്ടുണ്ടാവും. ഗണപതിക്ക് വെക്കൽ, കുടവെപ്പ് തുടങ്ങിയ ചടങ്ങുകൾ കൂടി ഉണ്ടാവും. 22ന് രാവിലെ 10 മണിയോടെ തടത്തിൽകാവ് പുതിയ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആദ്യ കുലയെടുപ്പ് നടത്തും.
വൃതശുദ്ധരായ യുവാക്കൾ മുണ്ടും വേഷ്ടിയും ധരിച്ച് നഗ്നപാദരായി വേണം കാഴ്ചതണ്ട് ചുമലിലേറ്റാൻ. കാഴ്ചയെഴുന്നള്ളിപ്പ് കാണാൻ എത്തിച്ചേരുന്നവർക്ക് പാനകമെന്ന സവിശേഷ പാനിയവും നൽകും.
ഓമനകാഴ്ചപയ്യാവൂരിൽ എത്തുമ്പോൾ ക്ഷേത്രം സ്ഥാനിയർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാഴ്ചയെടുപ്പുക്കാരെ സ്വീകരിക്കും. ക്ഷേത്രത്തിന് പുറത്തുള്ള പ്രത്യേകതറയിൽ 5 മണിയോടെ കുലകൾ നിക്ഷേപിക്കും. 23 തീയ്യതി അടിയിലുട്ടിനു വേണ്ടി കൊമരത്തച്ചനാണ് കുലവാരൽ നിർവ്വഹിക്കുക. അതുവരെ കുല കാത്തുസൂക്ഷിക്കുക കുടി ചൂളിയാട്ക്കാരുടെ ചുമതലയാണ്. കുലയുമായി എത്തിവർക്ക് ക്ഷേത്രത്തിൽ നിന്ന് 'കൊങ്ങാഴി' അരി നിവേദ്യമായി ലഭിക്കും. ഒരു ദേശത്തിലെ ജനതയാകെ പങ്കാളികളാകുന്ന ഓമനകാഴ്ച എഴുന്നള്ളിപ്പിന് വേണ്ടി പ്രത്യകം കമ്മിറ്റി രുപീകരിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്.