കുട്ടികളിലെ പോഷണ വ്യതിയാനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും: ഐ.എ.പി. സെമിനാർ

Nutritional imbalance in children can cause serious health problems: IAP seminar


കണ്ണൂർ: കുട്ടികളിലെ പോഷണ വ്യതിയാനം ഭാവിയിൽ ഗുരുതരമായ ശാരീരിക-മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (IAP)  സെമിനാർ മുന്നറിയിപ്പ് നൽകി. "ഐ.എ.പി പൂരക ഭക്ഷണ ദിനാചരണത്തോട്" അനുബന്ധിച്ച് കണ്ണൂർ എം.സി.എച്ച് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഐ.എ.പി പ്രസിഡന്റ് ഡോ. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു; ഡോ. പത്മനാഭ ഷേണായി, ഡോ. സുൽഫിക്കർ അലി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. 

കുഞ്ഞിന്റെ ആദ്യത്തെ നൂറ്  ദിവസങ്ങളിലെ വളർച്ചയ്ക്ക് ആറുമാസത്തിനു ശേഷം നൽകുന്ന പൂരക ഭക്ഷണങ്ങളും (Complementary Feeds) എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരവും (Balanced Diet) അനിവാര്യമാണ്. എന്നാൽ, ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 35.5% പേർ പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലാത്തവരും (Stunting), 19.3% പേർ തൂക്കക്കുറവുള്ളവരുമായി തുടരുമ്പോൾ തന്നെ, കൃത്രിമ മധുരവും കൊഴുപ്പും അടങ്ങിയ ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം കാരണം 1.2 കോടിയിലധികം കുട്ടികൾ അമിതവണ്ണത്തിന്റെ (Obesity) പിടിയിലാണെന്ന 'ഇരട്ട പോഷകാഹാര വെല്ലുവിളി' രാജ്യം നേരിടുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

കുട്ടിക്കാലത്തുണ്ടാകുന്ന അമിതവണ്ണവും പോഷകാഹാരക്കുറവും മുതിരുമ്പോൾ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, വിളർച്ച തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിമാറുമെന്നും സെമിനാർ ഓർമ്മിപ്പിച്ചു. കുട്ടികളിലെ വിളർച്ചാ നിരക്ക് 67 ശതമാനമായി ഉയർന്നുനിൽക്കുന്ന ഈ സാഹചര്യത്തിൽ, പരമ്പരാഗതവും പോഷകസമൃദ്ധവുമായ ഭക്ഷണരീതികളിലേക്ക് മടങ്ങേണ്ടത് അടിയന്തര ആവശ്യമാണ്. ജങ്ക് ഫുഡുകളും പാക്കറ്റ് ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കാനും, കുഞ്ഞുങ്ങൾക്ക് കൃത്യസമയത്ത് ശരിയായ ആഹാരം ഉറപ്പാക്കാനും മാതാപിതാക്കളും സമൂഹവും ഒന്നിച്ച് ജാഗ്രത പുലർത്തണമെന്ന് ഐ.എ.പി ഭാരവാഹികൾ ആഹ്വാനം ചെയ്തു.
ഡോ ഹൃദ്യ ദേവൻ,  സാറാ കിഷോർ നേതൃത്വം നൽകി

Tags