നഴ്സ്മാരുടെ സമരത്തിന് പിന്തുണയുമായി കണ്ണൂരിൽ ജൂൺ 2 ന് ഐക്യദാർഢ്യ സദസ് നടത്തും

A solidarity rally will be held in Kannur on June 2nd in support of the nurses' strike.

കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (ഐ എൻ എ ) നേതൃത്വത്തിൽ ശമ്പള വർദ്ധന ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂൺ രണ്ടിന് കണ്ണൂരിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് സമരസഹായ സമിതി ചെയർമാൻ അഡ്വ: റഷീദ് കവ്വായി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം നാലുമണിക്ക് കാൽ ടെക്സിൽ നടക്കുന്ന ഐക്യദാർഢ്യ സദസ്സ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. 

2026 മാർച്ച് 6 ന് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കില്ലെന്ന നിഷേധാത്മകമായ നിലപാടാണ് ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിൽ ആവർത്തിച്ചതെന്ന് സമരസമിതിക്കാർ ആരോപിച്ചു.2018 ന് ശേഷം സർക്കാർ പ്രഖ്യാപിക്കാതെ ഒരു രൂപ പോലും ശമ്പള വർദ്ധനവ് നൽകില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന മാനേജ്മെന്റുകൾ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും നിഷേധിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു.. ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ സമരം നടത്തുമെന്ന നോട്ടീസ് നൽകിയതിനെത്തുടർന്ന് നിരവധി ചർച്ചകൾ നടന്നു. 

മെയ് 5 വരെ കാത്ത് നിൽക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് വേതന വർദ്ധനവ് നൽകാൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് സമരത്തിലേക്ക് പോകേണ്ടി വന്നതെന്ന് സമരസമിതിക്കാർ പറഞ്ഞു. സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലമായ സമരസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയുന്ന റജിസ്ട്രേഡ് നഴ്സ്മാർ നടത്തുന്ന സമരം 15 ദിവസം പിന്നിടുകയാണ്. എം പിമാരായ കെ സുധാകരൻ, ഡോ: ശിവദാസ് ,അഡ്വ: പി സന്തോഷ് കുമാർ, എം എൽ എ മാരായ അഡ്വ; ടി ഒ മോഹനൻ ,കെ വി സുമേഷ്, കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിര, ഡപ്യൂട്ടി മേയർ താഹിർ , ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, സി പി ഐ ജില്ലാ സിക്രട്ടറി സി.പി സന്തോഷ് കുമാർ തുടങ്ങിയവരാണ് സമരസഹായ സമിതി രക്ഷാധികാരികൾ.വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും സംസാരിക്കുംഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ഐ എൻ എ ജനറൽ സിക്രട്ടറി ഇ എ മുഹമ്മദ് ഷിഹാബ് , സംസ്ഥാനവൈസ്പ്രസിഡണ്ട് ടെജിമോൾ , ജില്ലാ പ്രസിഡണ്ട് സോഫിയാ അബ്രഹാം എന്നിവരും കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags