നോർത്ത് മലബാർ ട്രാവൽ ബസാർ കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നടക്കും ; നവംബർ 15ന് ആരംഭിക്കുന്ന മേളയിൽ അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും
കണ്ണൂർ :നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൻറെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻറെ (നോംറ്റോ)യും കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൻറെയും മെട്രോ മാർട്ടിൻറെയും സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ 2025 നവംബർ 15,16 തീയതികളിൽ നടക്കുമെന്ന് ചേമ്പർഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">രാജ്യത്തു തന്നെ ആദ്യമായാണ് ഒരു എയർപോർട്ട് ട്രാവൽ മാർട്ടിൻറെവേദിയാകുന്നത്. വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ള നൂറോളം സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അഞ്ഞൂറോളം ക്ഷണിക്കപ്പെട്ട ടൂർ ഓപ്പറേറ്റർമാർക്ക് മുൻപാകെ അവതരിപ്പിക്കും.
ആകർഷകമായ നോർത്ത് മലബാർ ടൂറിസം സർക്യൂട്ടുകൾ മേളയിൽ ആവിഷ്കരിക്കും. സ്പിരിച്വൽ ടൂറിസം, ക്രൂയിസ് ടൂറിസം, ഹെൽത്ത് ടൂറിസം, മൈസ് ആൻറ് വെഡ്ഡിംഗ് ടൂറിസം, വെൽനെസ്സ് ടൂറിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ സംഘടിപ്പിക്കും.
കൂടാതെ നോർത്ത് മലബാറിൻറെ രുചി വൈവിധ്യം, സാംസ്ക്കാരിക തനിമ, നാടൻ കലാരൂപങ്ങൾ, തുടങ്ങിയവയും ടൂർ ഓപ്പറേറ്റർമാരെ പരിചയപ്പെടുത്തും.
ട്രാവൽ ബസാറിൻറെ ഭാഗമായി പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ ബിസിനസ്സ് പ്രസൻറേഷനും നോർത്ത് മലബാറിൻറെ മേന്മ വിളിച്ചോതുന്ന കലാ-സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കും.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാരും ഉത്തര മലബാറിലെ ടൂറിസം സംരംഭകരും ബി 2 ബി മീറ്റിംഗിൽ പങ്കെടുക്കും. ഉത്തര മലബാറിലേക്കുള്ള എയർലൈൻ കണക്ടിവിറ്റി പരമാവധി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നു കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി.ദിനേശ് കുമാർ പറഞ്ഞു. വിനോദ സഞ്ചാരികൾക്കു വേണ്ട പരമാവധി സൗകര്യങ്ങൾ കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ഉറപ്പു വരുത്തുന്നുണ്ട്. ഉത്തര മലബാറിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം തന്നെ കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൻറെ പൂർണ്ണ പിന്തുണ ഉറപ്പു നൽകും. ദിനേശ് കുമാർ കൂട്ടിച്ചേർത്തു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർക്ക് ഉത്തര മലബാറിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ അവസരമൊരുക്കുകയാണ് ട്രാവൽ ബസാറിലൂടെ ലക്ഷ്യമിടുന്നതെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ടി കെ രമേഷ് കുമാർ പറഞ്ഞു.ഉത്തര മലബാറിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കി വർദ്ധിപ്പിക്കാനുള്ള ലക്ഷ്യം മുന്നിൽ വെച്ചാണ് പ്രവർത്തിക്കുന്നതെന്നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സി അനിൽ കുമാർ പറഞ്ഞു.
ഹോം സ്റ്റേകൾ മുതൽ വൻകിട റിസോർട്ട് ഗ്രൂപ്പുകൾ വരെ അണി നിരക്കുന്ന നോർത്ത് മലബാർ ട്രാവൽ ബസാർ സംരംഭകർക്കും സന്ദർശകർക്കും ഒരു നവ്യാനുഭവം നൽകുമെന്ന് നോർത്ത് മലബാർ ട്രാവൽ ബസാർ സി.ഇ.ഒ. സിജി നായർ പറഞ്ഞു. സംരംഭകർക്കു അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ശരിയായി മാർക്കറ്റ് ചെയ്യാനുള്ള വർക് ഷോപ്പും ട്രാവൽ ബസാറിൻറെ ഭാഗമായി സംഘടിപ്പിക്കും.
രണ്ടു ദിവസം നീളുന്ന മേളയിൽ പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, ആയുർവ്വേദ പഞ്ചകർമ്മ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ടൂർ പ്ലാനർമാർ, മൈസ് പ്ലാനേഴ്സ്, ഹോസ്പിറ്റലുകൾ, ഡെസ്റ്റിനേഷൻ മാനേജ്മെൻറ് ഏജൻസികൾ, ഫാം ടൂറിസം പ്രൊമോട്ടേഴ്സ് തുടങ്ങിയവർ തങ്ങളുടെ സ്റ്റാളുകൾ സജ്ജീകരിക്കും.
രണ്ടാം ദിനം പൊതുജനങ്ങൾക്ക് വിവിധ സ്റ്റാളുകൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതുവഴി സന്ദർശകർക്ക് ആകർഷകമായ പാക്കേജുകൾ സൗജന്യ നിരക്കിൽ നേരിട്ട് ബുക്ക് ചെയ്യാനാവും. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷൻ നിർബന്ധമാണ്.
ഉത്തര മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാധ്യതകൾ ആഗോള വിനോദ സഞ്ചാരികൾക്ക് മുൻപിൽ അവതരിപ്പിക്കുകയും അതുവഴി നോർത്ത് മലബാർ മേഖലയുടെ വിനോദ സഞ്ചാര കുതിപ്പിന് ആക്കം കൂട്ടുകയുമാണ് നോർത്ത് മലബാർ ട്രാവൽ ബസാർ കൊണ്ട് ഉദ്ദേശിക്കുന്നത്
ഉത്തര മലബാറിലെ ടൂറിസം സംരംഭകരെ ഒരു കുടക്കീഴിൽ അണി നിരത്തി സംഘടിതരാക്കുക, പരമാവധി സംരംഭകരെ ഈ മേഖലയിൽ സൃഷ്ടിക്കുക, ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ഉത്തര മലബാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക. എന്നിവയും നോർത്ത് മലബാർ ട്രാവൽ ബസാറിൻറെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.nmtb.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ 9947733339/ 9995139933
Email:northmalabartravelbazar@gmail.com വാർത്താ സമ്മേളത്തിൽ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ രക്ഷാധികാരി
പത്മശ്രീ.എസ്.ആർ.ഡി.പ്രസാദ്കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട്മാനേജിംഗ് ഡയറക്ടർ സി.ദിനേശ് കുമാർ ,നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന പ്രസിഡൻ്റ്, ടി.കെ.രമേഷ് കുമാർ സിജി നായർ (സി.ഇ.ഒ. മെട്രോ മാർട്ട്), സി.അനിൽകുമാർ (സെക്രട്ടറി, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ), സച്ചിൻ സൂര്യകാന്ത് (വൈസ് പ്രസിഡൻറ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്), കെ.,നാരായണൻ കുട്ടി (ട്രഷറർ,നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്), ടി.വി.മധുകുമാർ (വൈസ്പ്രസിഡൻറ്, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ), കെ.കെ.പ്രദീപ് (വൈസ് പ്രസിഡൻറ്, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ). എന്നിവർ പങ്കെടുത്തു.
.jpg)


