കണ്ണൂർ കാഞ്ഞിരോട് ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റിയിൽ അന്താരാഷ്ട്ര ന്യൂറോറീഹാബിലിറ്റേഷൻ കോൺഫറൻസ് മെയ് 24-ന്

International Neurorehabilitation Conference at Brain and Spine Medcity, Kannur on May 24

 കണ്ണൂർ : സാമൂഹിക സന്നദ്ധ സംഘടനയായ തണൽ - ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും ലോകാരോഗ്യ സംഘടനയുടെയും (WHO India) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ന്യൂറോറീഹാബിലിറ്റേഷൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു. 'റീഹാബിലിറ്റേറ്റിങ് ടുഗെദർ: ദി ഫ്യൂച്ചർ ഓഫ് മൾട്ടിഡിസിപ്ലിനറി ന്യൂറോറീഹാബിലിറ്റേഷൻ' എന്ന പേരിൽ നടത്തുന്ന ഈ ഏകദിന കോൺഫറൻസ് 2026 മെയ് 24-ന് കണ്ണൂർ തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റിയിൽ വച്ചാണ് നടക്കുന്നത്. 

മസ്തിഷ്കാഘാതം, തലച്ചോറിനും സുഷുമ്നാ നാഡിക്കും ഏൽക്കുന്ന പരിക്കുകൾ തുടങ്ങിയ ഗുരുതരമായ നാഡീസംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മികച്ച പരിചരണവും വേഗത്തിലുള്ള പുനരധിവാസവും ഉറപ്പാക്കുന്നതിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഒത്തുചേർന്ന് ശാരീരികവും മാനസികവും വൈദ്യശാസ്ത്രപരവുമായ ആവശ്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മൾട്ടിഡിസിപ്ലിനറി ടീം (MDT) പരിചരണമാണ് ഏറ്റവും ഫലപ്രദമെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ പ്രൊഫഷണലുകളുടെ കുറവും വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ അഭാവവും കാരണം ഇത്തരം പരിചരണം ലഭിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ്. രോഗികളുടെ ശാരീരികവും  മാനസികവുമായ ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിനായി ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ആഗോള പുനരധിവാസ ശുപാർശകളും പ്രായോഗിക ശാസ്ത്ര രീതികളും കോർത്തിണക്കി ആരോഗ്യ മേഖലക്ക് ആവശ്യമായ മാർഗ്ഗരേഖകൾ നൽകാനാണ് ഈ കോൺഫറൻസ് ലക്ഷ്യമിടുന്നത്.

കോൺഫറൻസിന്റെ ഉദ്ഘാടനം കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ല ഐ.എ.എസ് നിർവ്വഹിക്കും. യെനപ്പോയ ഡീംഡ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അശ്വിനി ദത്ത് ആർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ ലോകാരോഗ്യ സംഘടനയുടെ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ 'മൾട്ടിഡിസിപ്ലിനറി ന്യൂറോറീഹാബിലിറ്റേഷൻ: ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പ്രായോഗികമാക്കൽ' എന്ന വിഷയത്തിലും, ഡിസബിലിറ്റി, ഇഞ്ചുറി പ്രിവൻഷൻ ആൻഡ് റീഹാബിലിറ്റേഷൻ റീജിയണൽ അഡ്വൈസർ ഡോ. താഷി തോബ്ഗേ അന്താരാഷ്ട്ര മാതൃകകളെക്കുറിച്ചും പ്രഭാഷണം നടത്തും. 

ബാംഗ്ലൂർ പുനർവാസ് റീഹാബിലിറ്റേഷൻ സെന്റർ മേധാവി ഡോ. ശ്രീകാന്ത് വെങ്കിടാകൃഷ്ണൻ ഒരു മൾട്ടിഡിസിപ്ലിനറി യൂണിറ്റ് കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കും.
ജെഡിടി ഫിസിയോ തെറാപ്പി കോളേജ് പ്രിൻസിപ്പൽ ഡോ. സജീവൻ ആശംസ അർപ്പിക്കും. കൂടാതെ തണൽ ബ്രെയിൻ ആൻഡ് സ്പൈൻ ക്ലിനിക്കൽ ടീം അവതരിപ്പിക്കുന്ന പ്രത്യേക കേസ് പഠനവും ഉണ്ടായിരിക്കുന്നതാണ്. 'മൾട്ടിഡിസിപ്ലിനറി ടീം ആശയങ്ങളും അതിന്റെ വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രമുഖ സംസ്ഥാന റീഹാബിലിറ്റേഷൻ അസോസിയേഷനുകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ പാനൽ ചർച്ചയും നടക്കും. ഫിസിഷ്യന്മാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, സ്പീച്ച് ആൻഡ് ഹിയറിങ് വിദഗ്ദ്ധർ തുടങ്ങിയ പ്രമുഖ അസോസിയേഷനുകൾ ഈ ചർച്ചകളിൽ പങ്കാളികളാകും. ഈ മേഖലയിലെ പുരോഗതിക്കായി റീഹാബിലിറ്റേഷൻ രംഗത്തെ എല്ലാ പ്രൊഫഷണലുകളെയും മെയ് 24-ന് കണ്ണൂരിൽ നടക്കുന്ന ഈ അന്താരാഷ്ട്ര ചർച്ചയിലേക്ക് സ്വാഗതം ചെയ്യുന്നതായി തണൽ ഭാരവാഹികൾ അറിയിച്ചു. 

ഡോ. ശ്രീജിത്ത് ചുരപ്ര ( സി.എം.ഓ, ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റി),അബ്ദുൾ സത്താർ ( തണൽ കാഞ്ഞിരോട് കമ്മിറ്റി ),അർജുൻ ഇ.പി (ഫിസിയോതെറാപ്പി ഇൻചാർജ്),അണുവിന്ദാ മാണി (ന്യൂറോ സൈക്കോളജി ഇൻചാർജ്), ആയിഷാ ഹനാൻ (സ്പീച്ച് തെറാപ്പിസ്റ്റ് ഇൻചാർജ് ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags