സഹപ്രവർത്തകരുടെ ബാഗ് കീറി പണം കവർന്ന കേസ്: നേപ്പാളി സ്വദേശി അറസ്റ്റിൽ

Case of stealing money by tearing open colleagues' bags: Nepalese national arrested

​കണ്ണൂർ: താഴെചൊവ്വയിലെ നെഹതി മന്തി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാളി സ്വദേശികളുടെ ബാഗിൽ നിന്നും പണം കവർന്ന കേസിൽ സഹപ്രവർത്തകനായ നേപ്പാളി സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ കാഠ്മണ്ടു സ്വദേശി അമിത് ദമായി (25) ആണ് പിടിയിലായത്.

​കഴിഞ്ഞ ഏപ്രിൽ 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെഹതി മന്തിയിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാളി സ്വദേശികളുടെ ബാഗുകളിൽ നിന്നായി 1,70,000 രൂപയാണ് നഷ്ടപ്പെട്ടത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ കീറിയാണ് പ്രതി പണം മോഷ്ടിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയായിരുന്നു.

​സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ പെട്രോളിങ്ങിനിടെ കാൽടെക്സ് ഭാഗത്ത് വെച്ച് പ്രതിയെ പോലീസ് സംഘം കാണുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

​കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്തിന്റെ നിർദ്ദേശപ്രകാരം എസ്ഐ അനിൽകുമാർ, എഎസ്ഐ പ്രമോദ്, എസ്.സി.പി.ഒ ബിജു സിപിഒ സനൂപ് നാരായണൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.

Tags