കേരളത്തിലും ഇനി എൻ ഡി എ മുന്നേറ്റം തടയാനാവില്ല : വി കെ സജീവൻ
കണ്ണൂർ: കേരളത്തിൽ ബിജെപി നേതൃത്വം നൽകുന്ന മൂന്നാം ബദലിന് ജനങ്ങൾ അംഗീകാരം നൽകിത്തുടങ്ങിയെന്നും ഈ മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ ഇനിയാർക്കും ആവില്ലെന്നും ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി കെ സജീവൻ പറഞ്ഞു. ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കണ്ണൂർ നോർത്ത് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ മോദിയുടെ വികസന രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണ് കാണുന്നത്. ആഗോള പ്രതിസന്ധികളെ മറികടക്കാൻ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്ന് ജനങ്ങളെ സജ്ജരാക്കുമ്പോൾ രാഷ്ട്രീയം കളിക്കരുതെന്നും പ്രതിസന്ധിയിലെ ഒരുമയാണ് രാജ്യത്തിന്റെ കരുത്തെന്നും സജീവൻ പറഞ്ഞു.
സംസ്ഥാന സമിതി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരീയിൽ അവതരിപ്പിച്ചു.കണ്ണൂർജില്ലയെ സംബന്ധിച്ച രാഷ്ട്രീയ പ്രമേയം ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ് അവതരിപ്പിച്ചു. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ അഴിമതിയും കുടുംബാധിപത്യവും ധിക്കാരവും ആണ് ജില്ലയിൽ സിപിഎമ്മിനുണ്ടായ കനത്ത പരാജയത്തിന് കാരണം. പിണറായി വിജയൻ്റെ തൻ പ്രമാണിത്തവും അഴിമതി ഭരണവും പരാജയത്തിന് കാരണമാണ്. സംഘടിത മത വോട്ട് ബാങ്കിന് പിന്നാലെ പോകുക വഴി ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങൾ നടപ്പിലാക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമം കേരളത്തെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിവിടും- പ്രമേയത്തിൽ പറഞ്ഞു.
കോഴിക്കോട് മേഖല സംഘടന സെക്രട്ടറി ജി കാശിനാഥ്, സംസ്ഥാന സമിതി അംഗം സി നാരായണൻ, മണ്ഡലം പ്രസിഡന്റുമാരായ ആസാദ് ശശീന്ദ്രൻ, ബിനിൽ, എസ് വിജയ്, രത്നാകരൻ കണ്ണാടിപ്പറമ്പ്, ശ്രീഷ് മിനാത്ത്, എ അശോക് കുമാർ, എം പ്രകാശൻ, സുജിത്ത് വടക്കൻ, നന്ദകുമാർ പയ്യന്നൂർ, കെ സുനിൽകുമാർ, സഞ്ജു കൃഷ്ണകുമാർ, പി ബി റോയ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എം പി രാഗിണി നന്ദിയും പറഞ്ഞു.
.jpg)

