തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷമായ രാഷ്ട്രീയ കടന്നാക്രമണവുമായി എൻഡിഎ സ്ഥാനാർത്ഥി എൻ. ഹരിദാസ്
തളിപ്പറമ്പ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷമായ രാഷ്ട്രീയ കടന്നാക്രമണവുമായി എൻഡിഎ സ്ഥാനാർത്ഥി എൻ. ഹരിദാസ്. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി. ജയരാജൻ മുൻപ് എടുത്ത നിലപാടുകൾ തിരുത്തി പി.കെ. ശ്യാമളയെ ന്യായീകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹരിദാസ് ആരോപിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി എൻ. ഹരിദാസ് വാർത്താസമ്മേളനത്തിൽ മുന്നണികളെ പ്രതിക്കൂട്ടിലാക്കുകയാണ്. സാജന്റെ ആത്മഹത്യ വിവാദമായ കാലത്ത് പി.കെ. ശ്യാമള ടീച്ചർക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പ്രസംഗിച്ച അന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ, ഇന്ന് ടീച്ചറെ ന്യായീകരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കാലത്തിനൊത്ത വികസനം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. എം.വി. ഗോവിന്ദൻ മാസ്റ്റർ സ്വന്തം താല്പര്യപ്രകാരമാണ് തന്റെ അവസരത്തിന് ശേഷം ഭാര്യയെ കൊണ്ടുവന്നതെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെതിരെയും രൂക്ഷമായ പരിഹാസമാണ് ഹരിദാസ് ഉയർത്തിയത്. ടി.കെ. ഗോവിന്ദനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. കോൺഗ്രസിന് വേണ്ടി ചോര നീരാക്കുന്ന സാധാരണ പ്രവർത്തകർക്ക് എങ്ങനെയാണ് ഇത്തരമൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ സാധിക്കുകയെന്നും ഹരിദാസ് ചോദിച്ചു. ടി.കെ. ഗോവിന്ദന് കോൺഗ്രസ് എന്നത് താല്കാലിക സഹായത്തിനുള്ള പ്രസ്ഥാനം മാത്രമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒന്ന് വിളിച്ചാൽ ഗോവിന്ദൻ കൂടെ പോകുമെന്നും അദ്ദേഹം പരിഹസിച്ചു. പരസ്പരം പോരടിക്കുന്ന യുഡിഎഫും എൽഡിഎഫും മാഹി പാലത്തിനപ്പുറം ഒരേ സ്റ്റേജിൽ പ്രസംഗിക്കുന്നവരാണെന്നും ഹരിദാസ് കൂട്ടിച്ചേർത്തു.
എൻഡിഎ ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ കാളിശ്വരം, സെൽ കോഡിനേറ്റർ രമേശൻ ചെങ്ങൂനി, മണ്ഡലം പ്രസിഡന്റുമാരായ ഷൈമ പ്രദീപ്, ശ്രീഷ് മീനാത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.jpg)


