ഭരണ സമിതി തീരുമാനം മറികടന്ന് നവകേരള സദസിന് സെക്രട്ടറിമാർക്ക് ഫണ്ട് അനുവദിക്കാനാവില്ല : എൽ ജി എം എൽ

കണ്ണൂർ : ഭരണ സമിതി തീരുമാനം മറികടന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നവകേരള സദസിന് തനത് ഫണ്ട് അനുവദിക്കാനാവില്ലെന്നും സെക്രട്ടറിമാർക്ക് സ്വന്തമായി ഫണ്ട് അനുവദിക്കാമെന്ന തരത്തിലുളള ഉത്തരവിലെ പരാമർശം നിലനിൽക്കുന്നതല്ലെന്നും ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന കൺവീനർ പി കെ ഷറഫുദ്ദീൻ പ്രസതാവിച്ചു. മുസ് ലിം ലീഗ് ജനപ്രതിനിധികളുടെ കണ്ണൂർ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ട് ഏതെങ്കിലും ഏജൻസിക്കോ സംഘാടക സമിതിക്കോ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഭരണ സമിതിക്ക് മാത്രമാണ്. ഭരണ സമിതി / സെക്രട്ടറിക്ക് ഫണ്ട് അനുവദിക്കാമെന്ന ഉത്തരവിലെ ഭാഗം ആശയക്കുഴപ്പമുണ്ടാക്കുന്നതിന് വേണ്ടിയുള്ളതാണ്. ഈ ഭാഗം ചുണ്ടിക്കാണിച്ച് സെക്രട്ടറിമാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെടുക്കാനാണ് ചിലയിടങ്ങളിൽ സംഘാടക സമിതി ശ്രമിക്കുന്നത്. പഞ്ചായത്ത് രാജ്, മുനിസിപ്പൽ ആക്റ്റ് പ്രകാരവും ചട്ടങ്ങൾ പ്രകാരവും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ തീരുമാനമില്ലാതെ സെക്രട്ടറിക്ക് ഫണ്ട് ചെലവഴിക്കാനാവില്ല.
തദ്ദേശസ്ഥാപന അദ്ധ്യക്ഷന്റെ അഭാവത്തിൽ പ്രതിപക്ഷ നേതാവിനെ സംഘാടക സമിതി ചെയർമാനാക്കാം എന്ന വിചിത്ര ഉത്തരവിറക്കിയ സർക്കാറാണ് സെക്രട്ടറിക്ക് ഫണ്ട് അനുവദിക്കാമെന്ന നിലനിൽപ്പില്ലാത്ത ഉത്തരവും ഇറക്കിയത്. ആക്റ്റിലോ ചട്ടത്തിലോ ഉത്തരവുകളിലോ തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷത്തെ കുറിച്ചോ പ്രതിപക്ഷ നേതാവിനെ കുറിച്ചോ പറയുന്നില്ല. ഫണ്ട് അനുവദിക്കാത്ത തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന എൽ ഡി എഫ് കൺവീനറുടെ ഭീഷണി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എൽ ജി എം എൽ ജില്ലാ പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി പി.കെ അബ്ദുൾ റസാഖ് സ്വാഗതവും ,ജില്ലാ ട്രഷറർ ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.പരിപാടിയിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ബി.കെ അഹമ്മദ് മുഖ്യ അതിഥിയായി.താഹിറ.കെ,കെ.സി ഖാദർ,ടി.പി ഫാത്തിമ,പ്രചിത്ര.കെ.വി,നുബ് ല,റജില.പി,ജസ്ലീന ടീച്ചർ,അബ്ദുൽ അസീസ് .പി,എം.കെ മജീദ്,ഖലീൽ റഹ്മാൻ.എം.എ,സി.വി.എൻ യാസറ,കെ.പി റാഷിദ്,അസ്നാഫ് കാട്ടാമ്പള്ളി,പി.അഷ്റഫ്,ഷമീമ ടീച്ചർ,റാഷിദ ടീച്ചർ,ഷാനവാസ് തലശ്ശേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു