ദേശീയ പാത സുരക്ഷിത യാത്ര; റോഡപകടങ്ങള്‍ തടയാന്‍ കണ്ണൂർ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

Safe travel on national highways: Kannur district-level task force formed to prevent road accidents.

കണ്ണൂർ:ദേശീയപാതയില്‍ അപകട രഹിത സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി കണ്‍വീനറുമായുള്ള  ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. എ.ഡി.എം, നാഷണല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടികളക്ടര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരടങ്ങിയതാണ് ടാസ്‌ക് ഫോഴ്‌സ്. തഹസില്‍ദാര്‍മാര്‍ കണ്‍വീനര്‍മാരായുള്ള താലൂക്ക് തല ടാസ്‌ക് ഫോഴ്‌സുകളും ഇതോടൊപ്പം ദേശീയ പാതയിലെ സുരക്ഷ ഉറപ്പാക്കും.

 ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ലെ അപകടങ്ങള്‍ ഇല്ലാതാക്കുകയും സുരക്ഷിത യാത്ര ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തും. അപകടസാധ്യതകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിലവിലെ ദേശീയപാതയില്‍ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. പ്രകാശ സംവിധാനത്തിന്റെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് സെപ്തംബര്‍ 13 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് കളക്ട്രേറ്റില്‍ ചേര്‍ന്ന് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ പാത റോഡ് സുരക്ഷയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍   ടാസ്‌ക് ഫോഴ്‌സ് ഏകോപിപ്പിക്കും. 

ഗതാഗത സൗകര്യങ്ങള്‍,  അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തല്‍ ഉടനടി പരിഹാരം കാണല്‍, വാഹന ഗതാഗതത്തിന് തടസ്സമായുള്ള കൈയ്യേറ്റം തടയല്‍, മറ്റു തടസ്സങ്ങള്‍ നീക്കല്‍ എന്നിവയെല്ലാം ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനും കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഢി, റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയല്‍, ദേശീയപാത അതോറിറ്റി അധികൃതര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Tags