ദേശീയപാതാ നിർമ്മാണം: ചാലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
കണ്ണൂരിൽനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാല സ്റ്റേഷൻ സ്റ്റോപ്പിൽനിന്ന് ആരംഭിക്കുന്ന മേൽപ്പാലത്തിലൂടെയാണ് പോകേണ്ടത്.
ചാല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള മേൽപ്പാലം നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ചാലയിൽ 13 മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് പ്രത്യേക റൂട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കണ്ണൂരിൽനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാല സ്റ്റേഷൻ സ്റ്റോപ്പിൽനിന്ന് ആരംഭിക്കുന്ന മേൽപ്പാലത്തിലൂടെയാണ് പോകേണ്ടത്.
മേൽപ്പാലം ഇറങ്ങി ആസ്റ്റർ മിംസ് ആശുപത്രിക്ക് സമീപമെത്തിയശേഷം അവിടെനിന്ന് തിരിഞ്ഞ് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ ചാല അമ്പലത്തിന് അടുത്തുള്ള അടിപ്പാതവഴി കൂത്തുപറമ്പ് റോഡിലേക്ക് പ്രവേശിക്കണം.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചാല ബൈപ്പാസ് ജങ്‌ഷൻ വഴി ദേശീയപാതയുടെ സർവീസ് റോഡിൽ പ്രവേശിച്ച ശേഷം മിംസ് ആശുപത്രിക്ക് സമീപത്തുനിന്ന് പ്രധാന പാതയിലേക്ക് കയറണം. ചാലയിലെ പുതിയ മേൽപ്പാലത്തിലൂടെ വേണം ഈ വാഹനങ്ങൾ കണ്ണൂർ ഭാഗത്തേക്ക് പോകാൻ. നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റൂട്ട് മാറ്റം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാഭരണകൂടവും ദേശീയപാതാ അധികൃതരും അറിയിച്ചു.
.jpg)

